വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ സഹപാഠിക്ക് വീടൊരുങ്ങി

Posted on: November 5, 2014 9:52 am | Last updated: November 5, 2014 at 9:52 am

കല്‍പകഞ്ചേരി: കോളജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ സഹപാഠിക്ക് വീട് നിര്‍മിച്ചു. 20 വര്‍ഷത്തോളം വാടക വീടുകളില്‍ കഴിയേണ്ടിവന്ന സഹപാഠിക്കും കുടുംബത്തിനും വീട് പണിതാണ് പുത്തനത്താണി ലേണേഴ്‌സ് കോളജ് വിദ്യാര്‍ഥികള്‍ മാത്യകയായത്.
അഞ്ചു ലക്ഷത്തോളം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. രണ്ട് കിടപ്പു മുറികളടക്കം 600 ചതുരശ്ര അടി വിസ്തീര്‍ണം വരുന്നതാണ് വീട്. ഇതിന്റെ നിര്‍മാണ ഘട്ടത്തിലെ പല ജോലികളും സേവന സന്നദ്ധരായ വിദ്യാര്‍ഥികള്‍ തന്നെയാണ് ഏറ്റെടുത്ത് നടത്തിയത്. ഒരു രൂപ വീതം ദിവസവും പിരിച്ചെടുത്താണ് വിദ്യാര്‍ഥികള്‍ വീട് നിര്‍മാണത്തിനാവശ്യമായ തുക സമാഹരിച്ചത്. വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ച 25 പേരില്‍ നിന്നും യുണിയന്‍ ഭാരവാഹികളും അധ്യാപകരും ചേര്‍ന്നാണ് അര്‍ഹരായ സഹപാഠിയെ കണ്ടെത്തിയത്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍, ആഴ്‌വാഞ്ചേരി ക്യഷ്ണ തമ്പ്രാക്കള്‍ എന്നിവരുടെ സാനിധ്യത്തില്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് സഹപാഠിക്കൊരു സ്‌നേഹവീടിന്റെ പ്രവവൃത്തിക്ക് തുടക്കം കുറിച്ചത്.
ഈ മാസം എട്ടിന് രാവിലെ ഒന്‍പതിന് കോളജ് ക്യാമ്പസില്‍ നടക്കുന്ന വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ മന്ത്രിമാരായ പി കെ അബ്ദുര്‍റബ്ബ്, മഞ്ഞളാംകുഴി അലി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദു സലാം, എം എല്‍ എമാരായ കെ ടി ജലീല്‍, സി മമ്മുട്ടി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി സംബന്ധിക്കും.