മമ്പാട്ടുമൂല യുവാവിന്റെ മരണം: ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി

Posted on: November 5, 2014 9:49 am | Last updated: November 5, 2014 at 9:49 am

കാളികാവ്: മമ്പാട്ടുമൂല അങ്ങാടിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം മരണപ്പെട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെട്ട സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. അങ്ങാടിക്ക് സമീപത്തെ കലകപ്പാറ ഹംസ എന്ന യുവാവിന്റെ മൃതദേഹമാണ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
സംഭവം നടന്ന് ഒരു മാസത്തിലധികമായിട്ടും പോലീസിന്റെ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്ത് വരാത്തതിനെ തുടര്‍ന്നാണ് കാളികാവ് പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്. ഡി വൈ എഫ് ഐ ചോക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മമ്പാട്ടുമൂല പ്രദേശത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി നാട്ടുകാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തതോടെ പോലീസിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായി.
മാര്‍ച്ച് സ്റ്റേഷന് സമീപം കാളികാവ് എസ് ഐ ടി ഉസ്മാന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ കമ്മിറ്റി അംഗം പി സഹീര്‍ ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ 29 ന് രാവിലെയാണ് കലകപ്പാറ ഹംസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മൃതദേഹം കിടന്നിരുന്ന സ്ഥലവും ശരീരത്തില്‍ കാര്യമായ മുറിവുകള്‍ ഇല്ലാത്തതും നാട്ടുകര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തീര്‍ന്നിട്ടില്ല.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് കഴിഞ്ഞ ദിവസം ഹംസയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വീട്ടുകാരുടെ മൊഴിപോലും രേഖപ്പെടുത്താനോ വീട് സന്ദര്‍ശിക്കാനോ പോലീസ് തയ്യാറാകാത്തത് ദുരൂഹതക്ക് കാരണമായതായും അദ്ദേഹം പറഞ്ഞിരുന്നു. ഹംസയുടെ മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ഇടപെടുമെന്നും സ്വരാജ് പറഞ്ഞിരുന്നു. മാര്‍ച്ചില്‍ പി സജില്‍ അധ്യക്ഷത വഹിച്ചു, കെ എസ് അന്‍വര്‍, ഇ പത്മാക്ഷന്‍, ടി സുരേഷ്, പി സിദ്ദീഖ്, കെ എസ് അന്‍സാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.