വായ്പയെടുത്ത പണം സര്‍ക്കാര്‍ നിയമ വിരുദ്ധമായി ചെലവഴിക്കുന്നു: തോമസ് ഐസക്

Posted on: November 5, 2014 9:43 am | Last updated: November 5, 2014 at 9:43 am

Thomas_Isaac3കോഴിക്കോട്: വായ്പയെടുത്ത പണം സര്‍ക്കാര്‍ നിയമവിരുദ്ധമായി ചെലവഴിക്കുകയാണെന്ന് ഡോ. തോമസ് ഐസക് എംഎല്‍ എ. ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ചെറുകിട കരാറുകാര്‍ക്കായി ആവിഷ്‌കരിച്ച സോഷ്യല്‍ സെക്യൂരിറ്റി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്പയെടുക്കുന്ന പണം സര്‍ക്കാര്‍ ദൈനംദിന ചെലവിനായി ഉപയോഗിക്കുകയാണ്. ഇത് നിയമവിരുദ്ധമാണ്. ദൈനംദിന ചെലവിനുള്ള പണം കണ്ടെത്തേണ്ടത് നികുതി പിരിവിലൂടെയാണ്. സര്‍ക്കാര്‍ നികുതി പിരിക്കാന്‍ തയ്യാറാകുന്നില്ല. നിലവില്‍ 40 ശതമാനം നികുതി മാത്രമാണ് പിരിക്കുന്നത്. നികുതി പിരിക്കാതെ തട്ടിപ്പു നടത്തുകയാണ്. വ്യാപാരികളില്‍ നിന്ന് മാത്രം 16,000 കോടി രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ടെന്‍ഡര്‍ എക്‌സസ് വ്യാപകമായി. ഇതിന്റെ ഒത്തുകളി അവസാനിപ്പിക്കുന്നതിന് ടെന്‍ഡര്‍ സംവിധാനം ഓണ്‍ലൈന്‍ മുഖേനയാക്കി. എന്നാല്‍ 25 ലക്ഷത്തിനു മുകളിലുള്ള പ്രവൃത്തികള്‍ക്കു മാത്രമേ ഓണ്‍ലൈന്‍ ടെന്‍ഡര്‍ സംവിധാനം ബാധകമാകുന്നുള്ളൂ. അതിനാല്‍ ഇക്കാര്യത്തിലും വ്യാപകമായി അഴിമതി നടക്കുന്നുണ്ട്. കോടികളുടെ പ്രവൃത്തികള്‍ നാലും അഞ്ചും കോണ്‍ട്രാക്ടര്‍മാരുടെ പേരിലാക്കി ഓഫ്‌ലൈനായി ടെന്‍ഡന്‍ നടപടി പൂര്‍ത്തിയാക്കുന്ന നടപടി വ്യാപകമായിട്ടുണ്ട്. റിവൈസ്ഡ് എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് പരിധികളില്ലാതെ എക്‌സസ് നല്‍കാമെന്നത് എവിടുത്തെ നിയമമാണെന്നും അദ്ദേഹം ചോദിച്ചു.