Connect with us

Kottayam

മന്ത്രിമാരെ പിന്‍വലിച്ച് സമ്മര്‍ദ തന്ത്രത്തിന് നീക്കം: കേരളാ കോണ്‍ഗ്രസില്‍ ഭിന്നത

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ സംരക്ഷിക്കാന്‍ യു ഡി എഫ് മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ രാജിവെപ്പിക്കാനുള്ള ആലോചനയില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നസ്വരം.
പാര്‍ട്ടിയുടെ രണ്ട് മന്ത്രിരെയും ചീഫ് വിപ്പിനെയും പിന്‍വലിച്ച് സര്‍ക്കാറില്‍ കൂടുതല്‍ സമ്മര്‍ദ്ദശക്തിയാകണമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ ആലോചനക്കെതിരെ മന്ത്രി പി ജെ ജോസഫും, ചീഫ് വിപ്പ് പി സി ജോര്‍ജും കെ എം മാണിയെ എതിര്‍പ്പ് അറിയിച്ചതായാണ് സൂചന. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകളില്‍ മലയോര കര്‍ഷകര്‍ വന്‍ പ്രക്ഷോഭം അഴിച്ചുവിട്ട വേളയില്‍ പോലും സ്വീകരിക്കാതിരുന്ന സമീപനം ഇക്കാര്യത്തില്‍ വേണ്ടെന്നാണ് ഇരുനേതാക്കളുടെയും നിലപാട്.
റബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികള്‍ക്കിടയില്‍ യു ഡി എഫ് ബന്ധം അവസാനിപ്പിക്കണമെന്ന വികാരം ശക്തമായി ഉയര്‍ന്നപ്പോള്‍ സ്വീകരിക്കാതിരുന്ന സമ്മര്‍ദ്ദം ഇപ്പോള്‍ നടത്തിയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും നേതാക്കള്‍ മാണിയെ അറിയിച്ചതായാണ് സൂചന. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കേരള കോണ്‍ഗ്രസിന്റെ അടിയന്തര സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പ്രമുഖ നേതാക്കള്‍ വിമത സ്വരവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചാല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി കുറ്റസമ്മതം നടത്തുകയാണെന്ന സന്ദേഹം ജനങ്ങളില്‍ ഉണ്ടാകുമെന്നും ജോസഫും ജോര്‍ജും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുമായി നടത്തിയ ആശയവിനിമയത്തില്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ എം എല്‍ എമാരും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തില്‍ കൂടുതല്‍ ആലോചനകള്‍ നടത്താമെന്നാണ് മാണി ഇരു നേതാക്കളെയും അറിയിച്ചിരിക്കുന്നത്. ഇതിനിടെ മന്ത്രിമാരെ പിന്‍വലിക്കുന്നതിനെതിരെ കത്തോലിക്ക സഭയും രംഗത്ത് എത്തിയതായി അറിയുന്നു.
മന്ത്രിമാരെ പിന്‍വലിച്ചുള്ള കടുത്ത തീരുമാനങ്ങള്‍ ഗുണത്തേക്കാള്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് സഭാ നേതൃത്വം കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ജോസഫും ജോര്‍ജും രാജിനാടകത്തിനെതിരെ നിലപാട് കര്‍ക്കശമാക്കിയത്.

 

Latest