അട്ടപ്പാടിയിലെ നവജാത ശിശു മരണം: പിന്നില്‍ മാരക കീടനാശിനികളുടെ ഉപയോഗം

Posted on: November 5, 2014 4:49 am | Last updated: November 5, 2014 at 12:49 am

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരണത്തിന് പ്രദേശത്തെ മാരക കീടനാശിനികളുടെ ഉപയോഗവും കാരണമാകുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. പുതൂര്‍ പഞ്ചായത്തില്‍ തലച്ചോറിന്റെ വളര്‍ച്ചയില്ലായ്മ കാരണം കുഞ്ഞുങ്ങള്‍ മരിച്ചത് മാരക കീടനാശിനികളുടെ ഉപയോഗം കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അട്ടപ്പാടിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ച മൂന്ന് നവജാത ശിശുക്കളില്‍ രണ്ട് പേര്‍ക്ക് തലച്ചോറിന് വളര്‍ച്ചയില്ലാത്തതാണ് മരണ കാരണമായത്. പുതൂര്‍ പഞ്ചായത്തിലെ താഴെ മഞ്ചിക്കണ്ടി ഊരിലെ പുഷ്പ- കുട്ടന്‍ ദമ്പതികളുടെ കുഞ്ഞും പൂതൂര്‍ ചാവടിയൂര്‍ ഊരിലെ സിന്ധു- മരുതാചലം ദമ്പതികളുടെ കുഞ്ഞുമാണ് ഇക്കാരണത്താല്‍ മരിച്ചത്. ഈ മേഖലയില്‍ നടത്തിയിരുന്ന പരുത്തി കൃഷിക്കും മറ്റും എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള മാരക കീടനാശിനികള്‍ ഉപയോഗിച്ചിരുന്നു. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ കീടനാശിനി തളിക്കുന്നതിന് തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നവരാണെന്നും ആരോഗ്യ വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് നവജാത ശിശുക്കളുടെ മരണത്തിന് മാരക കീടനാശിനികളുടെ പ്രയോഗവും കാരണമായിട്ടുണ്ടെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ് എത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഈ വര്‍ഷം പതിനാറ് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ആവശ്യമായ പ്രസവ ശുശ്രൂഷ കിട്ടാത്തതും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതും വീടുകളില്‍ പ്രസവം നടന്നതുമെല്ലാം കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ പഠനം നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം.
അതേസമയം, നവജാത ശിശുക്കള്‍ മരിക്കുമ്പോഴും സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുകയാണ്. കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഫലപ്രദമായ മാര്‍ഗം അങ്കണ്‍വാടികള്‍ വഴിയുള്ള പോഷകാഹാര വിതരണമാണെന്നിരിക്കെ അട്ടപ്പാടിയിലെ അങ്കണ്‍വാടികളുടെ അവസ്ഥ ശോചനീയമാണ്. തകര്‍ന്നു വീഴാറായ കെട്ടിടങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രോഗങ്ങള്‍ പടര്‍ന്നതോടെ മാതാപിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയക്കുന്നില്ല.
കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി സാമൂഹികക്ഷേമ വകുപ്പ് വിഭാവനം ചെയ്ത മുട്ടയും പാലും ഇവിടെയെത്താതായിട്ട് വര്‍ഷങ്ങളായി. ഐ സി ഡി എസ് പദ്ധതിയുടെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് പുതിയ അങ്കണ്‍വാടി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അവ അടഞ്ഞുകിടക്കുകയാണ്. ജീവനക്കാരും മരുന്നുമില്ലാത്തതിനാല്‍ ഷോളയൂര്‍, പുതൂര്‍, വട്ടലക്കി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജവുമായിട്ടില്ല.