പറമ്പിക്കുളത്ത് വലകെട്ടാന്‍ പുതു വിരുന്നുകാര്‍

Posted on: November 5, 2014 12:31 am | Last updated: November 5, 2014 at 12:31 am

1._Deinopisഇരിങ്ങാലക്കുട: പറമ്പിക്കുളം കടുവാ സങ്കേതത്തില്‍നിന്നും പുതിയ ഇനം ചിലന്തികള്‍. കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗമാണ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തിയത്.
ഇരയുടെ ശരീരത്തിലേക്ക് വല എറിഞ്ഞ് ഇരയെ കീഴ്‌പെടുത്തുന്ന വല എറിയന്‍ ചിലന്തിയാണ് പുതിയ ചിലന്തികളില്‍ വിശേഷപ്പെട്ടത്. ഡിനോപിഡേ കുടുംബത്തില്‍വരുന്ന ഡിനോപിയസ് എന്ന ശാസ്ത്ര നാമമുള്ള ഇവയെ അടിക്കാടുകളിലാണു കണ്ടു വരുന്നത്. ഒരു ഉണക്കകമ്പുപോലെ തലകീഴായി തൂങ്ങിക്കിടക്കുന്ന ഇവയെ കണ്ടെത്തല്‍ വളരെ ബുദ്ധിമുട്ടാണ്. ആദ്യത്തെ നാല് കാലുകള്‍ ഉപയോഗിച്ച് വിരിച്ചു പിടിക്കുന്ന വല ഇര വരുമ്പോള്‍ അവയുടെ ശരീരത്തിലേക്ക് എറിയുകയാണ് ചെയ്യുന്നത്. പശയുള്ള വലയില്‍ കുടുങ്ങുന്ന ഇരയെ ഓടിച്ചെന്ന് ഇവ ഭക്ഷിക്കുന്നു.
ജലാശയങ്ങളില്‍ കാണപ്പെടുന്ന ചെറു മത്‌സ്യങ്ങളെ പിടിച്ചുഭക്ഷിക്കുന്ന മുക്കുവചിലന്തിയാണ് മറ്റൊന്ന്. പിസോറിഡേ കുടുംബത്തില്‍വരുന്ന ഡോളോമിഡസ് എന്ന ഈ ഇനം ചിലന്തിയെ ആദ്യമായാണ് ഇന്ത്യയില്‍കണ്ടെത്തുന്നത്. ജലാശയങ്ങള്‍ക്കടുത്തുള്ള ചെടികളില്‍ താമസിക്കുന്ന ഇവ തരം കിട്ടുമ്പോള്‍ ചെറു മത്‌സ്യങ്ങളെ പിടിച്ചു ഭക്ഷിക്കുന്നു. ഇവക്ക് വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുമുണ്ട്.ഒറ്റനോട്ടത്തില്‍ പക്ഷികാഷ്ഠമാണെന്നു തോന്നുന്ന കലേനിയ ചിലന്തിയാണ് മൂന്നാമന്‍. ഇരുണ്ട ശരീരത്തോടു കൂടിയ ഇവ കാലുകള്‍ ശരീരത്തോടു ചേര്‍ത്തുവെച്ചാണ് ഇരിക്കുന്നത്. ഏതെങ്കിലും പ്രാണികള്‍ അടുത്തുവന്നിരുന്നാല്‍ ഉടനെ ചാടിപ്പിടിക്കും. കലേനിയ വിഭാഗം ചിലന്തികളെ ഇതിനു മുമ്പ് ഓസ്‌ട്രേലിയന്‍ പ്രദേശത്തുനിന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നിത്യഹരിത വനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഹാപ്ലോക്ലാസ്റ്റസ് വിഭാഗത്തില്‍വരുന്ന പുതിയ ഇനം ചിലന്തിയേയും ഇവിടെ കണ്ടെത്തി. മണ്ണില്‍ മാളങ്ങളുണ്ടാക്കി അതിലാണ് ഇവ ജീവിക്കുന്നത്. മാളങ്ങളില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന സില്‍ക്ക് നൂലുകളില്‍ ഇര വന്നു തൊടുമ്പോള്‍ അവയെ ഓടി വന്നുഭക്ഷിക്കുകയാണ് ഈ ചിലന്തി ചെയ്യുന്നത്.
ഇണയെ ആകര്‍ഷിക്കുന്നതിനായി നെറ്റിയില്‍ ചുവപ്പും നീലയും വരകളോടു കൂടിയ സെറ്റനെലൂറിലസ്് ചിലന്തി ശാസ്ത്ര ലോകത്തിനു പുതിയതാണ്. ആണ്‍ ചിലന്തി പെണ്‍ ചിലന്തിയെ ആകര്‍ഷിക്കാനായി തല ഉയര്‍ത്തി ഈ വരകള്‍ കാണിച്ച് പെണ്‍ ചിലന്തിക്കു ചുറ്റും നൃത്തം ചെയ്യുന്നു. സാള്‍ട്ടിസിഡേ കുടുംബത്തില്‍വരുന്ന ഈ ചിലന്തിയുടെ ജനുസില്‍ വരുന്ന മറ്റുള്ള എല്ലാ ചിലന്തികളും ഇരുണ്ടനിറത്തിലുള്ളവയാണ് എന്നത് ഇവയെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നു. മുകള്‍ ഭാഗത്ത് പച്ചനിറത്തിലുള്ള പൊട്ടോടു കൂടിയ നിയോസ്‌കോണ ചിലന്തിയും ശാസ്ത്രലോകത്തിനു പുതിയതാണ്.
കഴിഞ്ഞ നാല് ആഴ്ചകളായി നടത്തിയ പഠനത്തില്‍ ഇതുവരെ ഇരുനൂറോളം ഇനം ചിലന്തികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ ചിലത് പശ്ചിമഘട്ടമലനിരകളില്‍ മാത്രം കണ്ടു വരുന്നതാണെങ്കിലും ചിലതിന് ആഫ്രിക്കന്‍ ഭൂഖണ്ഡമായും മറ്റുചിലതിന് മലയന്‍ പ്രദേശവുമായും സാമ്യമുണ്ട് എന്നുള്ളത് ഇന്ത്യയിലെ ചിലന്തികളുടെ പരിണാമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവിടെ നിന്നും കിട്ടിയ ചിലന്തികളുടെ ജനിതക അമ്ലങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ പശ്ചിമഘട്ടത്തിലെ ചിലന്തികളുടെ പരിണാമ സവിശേഷതകള്‍ കണ്ടെത്താന്‍ സാധിക്കും. ക്രൈസ്റ്റ് കോളജിലെ ജൈവ വൈവിധ്യ ഗവേഷണ വിഭാഗം മേധാവി ഡോ. സുധികുമാര്‍ എ വി യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ നഫിന്‍ കെ എസ്, സുധിന്‍ പി പി, സുമേഷ് എന്‍ വി, മിസവാര്‍ അലി, ജിമ്മി പോള്‍എന്നിവര്‍ പങ്കെടുത്തു. പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ അന്‍ജന്‍കുമാര്‍ ബി എന്‍, ഡി എഫ് ഒ കീര്‍ത്തി, റേഞ്ച് ഓഫീസര്‍ ജയപ്രകാശ,് ജോണ്‍സന്‍ എന്നിവരാണ് ഈ ചിലന്തി വൈവിധ്യ പഠനത്തിന് മുന്‍കൈ എടുത്തത്. ഇതാദ്യമായാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഏതെങ്കിലും വനപ്രദേശത്ത് ചിലന്തി വൈവിധ്യ പഠനം നടത്തുന്നത്.