Connect with us

Kasargod

ജനറല്‍ ആശുപത്രിക്ക് 8.75 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും: ആരോഗ്യമന്ത്രി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 8.75 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. അസൗകര്യം കൊണ്ട് വീര്‍പ്പ്മുട്ടുന്ന ഗവണ്‍മെന്റ് ആശുപത്രി സന്ദര്‍ശിച്ചശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പുതുതായി വാര്‍ഡുകള്‍, ലേബര്‍ റൂം, സിടി സ്‌കാന്‍, എക്‌സ്-റേ, റാമ്പ് തുടങ്ങിയ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാവും. കെട്ടിട നിര്‍മാണത്തിനുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു.
ജില്ലയില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഒരു ആശുപത്രി നിര്‍മിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി നല്‍കണം. ജില്ലയിലെ എല്ലാ ഡോക്ടര്‍മാരുടെയും ഒഴിവുകള്‍ ഈ മാസം തന്നെ നികത്തും. നിയമനം ലഭിച്ച് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപോകുന്നതാണ് ഇവിടെ ഒഴിവ് വരാന്‍ കാരണം.
ജില്ലയില്‍ 61 ഡോക്ടമാരുടെ തസ്തികകളില്‍ 57 പേരെ നിയമിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ 39 തസ്തികകളില്‍ 34 പേരെ നിയമിച്ചിട്ടുണ്ട്. ഇവരില്‍ 18 പേരെ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ 71 സ്റ്റാഫ് നഴ്‌സുമാരാണുള്ളത്. രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും തസ്തിക വര്‍ദ്ധിപ്പിക്കണം. രോഗികളെ പരിചരിക്കാന്‍ എത്തുന്നവര്‍ക്ക് ആശുപത്രിയില്‍ നിലവില്‍ യാതൊരു സൗകര്യവുമില്ലെന്ന് മന്ത്രിയെ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. ജില്ലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഇരുപതിനായിരം രൂപ അധിക ഇന്‍സെന്റീവായി നല്‍കി വരുന്നുണ്ട്. ഈ വകയില്‍ കുടിശ്ശികയുളള തുക ഉടനെ വിതരണം ചെയ്യും.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒ പി വിഭാഗത്തില്‍ ദിവസേന 1000ഓളം രോഗികള്‍ ചികിത്സക്കായി എത്തുന്നു. ആശുപത്രിയില്‍ 212 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇപ്പോള്‍ കടത്തി ചികിത്സിക്കുന്നവരുടെ എണ്ണം 300 ല്‍ അധികമാണ്. പ്രസവത്തിനായി ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സക്കായുള്ള ടോക്കണ്‍ സമ്പ്രദായം നിര്‍ത്തിവെക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിനായി ആശുപത്രി വികസന സമിതി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കണം. ജനപ്രതിനിധികളും ഡോക്ടര്‍മാരും ആശുപത്രിയുടെ പരിമിതികളും ബുദ്ധിമുട്ടുകളും മന്ത്രിയെ ധരിപ്പിച്ചു.
യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഡി എം. ഒ പി ഗോപിനാഥന്‍, എന്‍ ആര്‍ എച്ച് എം പ്രൊജക്ട് മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ആശുപത്രി സൂപ്രണ്ട് കെ നാരായണ നായക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.