ഹനീഫക്ക് വീട് അനുവദിക്കാന്‍ സമരസമിതിയുടെ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി

Posted on: November 5, 2014 12:20 am | Last updated: November 4, 2014 at 8:57 pm

രാജപുരം: ഹനീഫയ്ക്ക് വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസ് അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു. ഹനീഫ പഞ്ചായത്തിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരം 37 ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കി ഹനീഫയ്ക്ക് വീട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കള്ളാര്‍ പഞ്ചായത്ത് ഓഫീസ് അനിശ്ചിതകാലത്തേക്ക് ഉപരോധിക്കാന്‍ സമരസഹായ സമിതി തീരുമാനിച്ചത്. സമരത്തെ നേരിടാന്‍ പൊലീസ് എത്തിയിരുന്നെങ്കിലും സമാധാനപരമായ ഉപരോധസമരം ആയതിനാല്‍ സമരക്കാരെ അറസ്റ്റ്‌ചെയ്ത് നീക്കാന്‍ തയ്യാറായില്ല. ആദ്യ ദിവസത്തെ ഓഫീസ് പ്രവര്‍ത്തന സമയം കഴിഞ്ഞതോടെ 5 മണിക്ക് നിര്‍ത്തി. ഇന്ന് രാവിലെ രണ്ടാം ദിവസത്തെ സമരം ആരംഭിക്കും. സമരം സി പി എം ഏരിയാ സെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒക്ലാവ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി മോഹന്‍കുമാര്‍, സി പി എം ജില്ലാ കമ്മിറ്റിയംഗം ടി കോരന്‍, ഷാലുമാത്യു, സി കുഞ്ഞിക്കണ്ണന്‍, കെ എ പ്രഭാകരന്‍ പ്രസംഗിച്ചു. പി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.