ദേശാഭിമാനം ഉയര്‍ത്തിപ്പിടിച്ച് പതാക ദിനം

Posted on: November 4, 2014 6:12 pm | Last updated: November 4, 2014 at 8:35 pm
dubai police
ദുബൈ പോലീസ് ജനറല്‍ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍
പതാക ഉയര്‍ത്തുന്നു

അബുദാബി: യു എ ഇ പതാക ദിനം അത്യുത്സാഹപൂര്‍വം ആഘോഷിച്ചു. എല്ലാ എമിറേറ്റുകളിലെയും സര്‍ക്കാര്‍സ്വകാര്യ ഓഫീസുകളിലും സ്‌കൂള്‍, കോളജുകളിലും ദേശീയ പതാക ഉയര്‍ത്തി. മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്വദേശികളുടെ കൂടെ വിവിധ വിദേശ സംഘടനകളും ആഘോഷത്തില്‍ പങ്കെടുത്തു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചുമതലയേറ്റെടുത്തതിന്റെ ഓര്‍മക്കായാണ് പതാക ദിനം ആചരിക്കുന്നത്. അബുദാബി എമിറേറ്റ് പരിധിയിലെ മുസഫ്ഫ, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നീ ഭാഗങ്ങളിലും വിപുലമായ രീതിയില്‍ പതാക ദിനം ആഘോഷിച്ചു.
ദുബൈയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ചതുര്‍വര്‍ണ പതാകകള്‍ ഉയര്‍ന്നു. ദുബൈ ആര്‍ ടി എയില്‍ പതാക ദിനത്തിന്റെ ഭാഗമായി 43 ജീവനക്കാരെ ആദരിച്ചു. 21 പേര്‍ക്ക് കൂറ്റന്‍ പതാകകളും 22 പേര്‍ക്ക് ഷാളുകളും നല്‍കി. നമ്മുടെ ദേശം നീണാള്‍ വാഴട്ടെ, യു എ ഇ ഫെഡറേഷന്‍ നീണാള്‍ വാഴട്ടെ എന്ന് ആലേഖനം ചെയ്ത ഷാളാണ് നല്‍കിയത്. ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നേതൃത്വം നല്‍കി.
വിവിധ മെട്രോ സ്‌റ്റേഷനുകളിലായി റയില്‍ ഏജന്‍സി 3,000 പതാകകള്‍ വിതരണം ചെയ്തു. ദേര സിറ്റി സെന്റര്‍, യൂണിയന്‍, മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, ബുര്‍ജ് ഖലീഫ, ബുര്‍ജുമാന്‍, അല്‍ ഫഹീദി സ്‌റ്റേഷനുകളിലായിരുന്നു വിതരണം. 148 ബസുകള്‍ ദേശീയപതാകകള്‍ കൊണ്ട് അലങ്കരിച്ചു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളുടെ കൂറ്റന്‍ ചിത്രങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഉയര്‍ത്തി.
രാജ്യം ഐക്യപ്പെടുകയാണ് എന്ന സന്ദേശം ഉയര്‍ത്തിയാണ് യു എ ഇ യുടെ പതാക ദിനം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഗംഭീരമായി ആഘോഷിച്ചത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അധികാരമേറ്റടുത്തതിന്റെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ആചരിക്കുന്ന പതാക ദിനം, വ്യത്യസ്തങ്ങളായ പരിപാടികളോടു കുടിയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡെന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആഘോഷിച്ചത്. യു എ ഇ യുടെ ദേശീയഗാനാലാപനത്തോടെ പരിപാടി തുടങ്ങി. അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാശിദ് അല്‍ മറി ദേശീയ പതാക ഉയര്‍ത്തി. സദസിന് രാജ്യത്തിന്റെ പ്രതിജ്ഞ അല്‍ മറി ചൊല്ലിക്കൊടുത്തു.
‘യു എ ഇ യുടെ ദേശീയ പതാക എന്നും ലോകത്തിന്റെ നെറുകയില്‍ പാറിപ്പറക്കണം. അതിന് വേണ്ടി ദിര്‍ഘവീഷണമുള്ള ഭരണസംവിധാനവും ഇവിടുത്തെ നാട്ടുകാരും അനുദിനം പരിശ്രമിച്ച് കൊണ്ടുരിക്കുകയാണ്. രാജ്യ പുരോഗതിയും, സുരക്ഷയും, സമാധാനവും ഇവിടെ എന്നും നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാശിദ് അല്‍ മറി പറഞ്ഞു. ദുബൈ ഇമിഗ്രേഷന്റെ വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍. വിദേശികള്‍ തുടങ്ങിയവര്‍ ചട ങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്‌കൂള്‍ അവതരിപ്പിച്ച ബാന്റ്, പതാകയുടെ നിറത്തില്‍ വസ്ത്രം അണിഞ്ഞ് എത്തിയ മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി.