എസ് എസ് എഫ് പ്രവര്‍ത്തകന്റെ ബൈക്ക് ചേളാരി വിഭാഗം തകര്‍ത്തു

Posted on: November 4, 2014 12:28 am | Last updated: November 4, 2014 at 12:35 pm

തളിപ്പറമ്പ്: വീടിനുമുന്നില്‍ നിര്‍ത്തിയിട്ട എസ് എസ് എഫ് പ്രവര്‍ത്തകന്റെ ബൈക്ക് ചേളാരി വിഭാഗം ഗുണ്ടകള്‍ തകര്‍ത്തു. കാര്യാമ്പം യൂനിറ്റ് എസ് എസ് എഫ് പ്രവര്‍ത്തകന്‍ സിനാന്‍(21)ന്റെ പള്‍സര്‍ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ തകര്‍ത്തത്. പെട്രോള്‍ ടാങ്കിന്റെ പൈപ്പ്, ഓണ്‍പൈപ്പ് എന്നിവ ഇളക്കിമാറ്റുകയും ഇന്‍ഡിക്കേറ്റര്‍ കുത്തിപ്പൊളിക്കുകയും അശ്ലീളങ്ങള്‍ എഴുതിവെച്ച് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ നശിപ്പിക്കുകയായിരുന്നു. സിനാന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിച്ചുപോകുന്ന പ്രദേശമായ കാര്യമ്പലത്ത് ചേളാരി വിഭാഗം ആസൂത്രീത അക്രമത്തിന് നീങ്ങുകയാണ്. എസ് വൈ എസ് അറുപതാം വാര്‍ഷികം സമ്മേളനം, മര്‍കസ് സമ്മേളനം തുടങ്ങി സുന്നി വിഭാഗത്തിന്റെ പോസ്റ്ററുകളും പരസ്യബോഡുകള്‍ ഇവര്‍ നശിപ്പിച്ചിരുന്നു. ആറോളം ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഇതിനെതിരെ യൂനിറ്റ് എസ് വൈ എസ് സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച തളിപ്പറമ്പ് എസ് ഐ. കെ ജെ വിനോയ് ഇരുവിഭാഗങ്ങളെയും വിളിപ്പിച്ച് ചര്‍ച്ച ചെയ്യുകയും കാര്യമ്പലം പള്ളിറോഡിന്റെ ഇരുവശത്തും ബോര്‍ഡുകളും മറ്റും പതിക്കരുതെന്നും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും തീരുമാനിക്കുകയും ചെയ്തിരുന്നു. എസ് ഐ യുടെ മുന്നില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ച് പിരിഞ്ഞുപോയ രാത്രി തന്നെയാണ് ചേളാരി ഗുണ്ടകള്‍ സുന്നി പ്രവര്‍ത്തകന്റെ ബൈക്കിന് നേരെ അക്രമം നടത്തിയത്. സംഭവത്തില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി ബി എ അലിമൊഗ്രാല്‍, സോണ്‍ പ്രസിഡന്റ് കെ മുഹമ്മദ്ഹാജി പ്രതിഷേധിച്ചു.