Connect with us

Malappuram

പരിമിതികളില്‍ വീര്‍പ്പുമുട്ടി മെഡിക്കല്‍ കോളജ്

Published

|

Last Updated

മഞ്ചേരി: എം ബി ബി എസിന് പഠിക്കുന്ന 200 വിദ്യാര്‍ഥികളും പ്രമുഖ ഡോക്ടര്‍മാരുമുണ്ടായിട്ടും മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍, ഞരമ്പ് രോഗികള്‍ എന്നു വേണ്ട വാഹനാപകടങ്ങളില്‍ പെട്ട് എല്ല് പൊട്ടുകയോ ഗുരുതരാവസ്ഥയിലെത്തുകയോ ചെയ്യുന്ന രോഗികളെ ഇന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുന്നു.

പിഞ്ചു കുഞ്ഞുങ്ങള്‍, പൂര്‍ണ ഗര്‍ഭിണികള്‍ എന്നിവര്‍ക്കു പോലും വിദഗ്ധ ചികിത്സ ലഭിക്കുന്നില്ല. ചികിത്സ ലഭിക്കണമെങ്കിലല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി തന്നെയാണ് ശരണം.
30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗവണ്‍മെന്റ് മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കഴിഞ്ഞ വര്‍ഷം മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത്. 501 കിടക്കകളോടു കൂടിയ ജനറല്‍ ആശുപത്രി മാറ്റം വരുത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയത്. ആരോഗ്യ വകുപ്പിനു കീഴിലെ 9.96 ഏക്കറും ഗ്രാമ വികസന വകുപ്പിന്റെ 3.22 ഏക്കറും പൊതുമരാമത്ത് വകുപ്പിന്റെ 2.52 ഏക്കറും കൂടാതെ പരിസരത്തെ 52 പേരില്‍ നിന്നായി അക്വയര്‍ ചെയ്ത 7.59 ഏക്കര്‍ ഉള്‍പ്പടെയുള്ള 23.29 ഏക്കര്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും വിദഗ്ധ ചികിത്സക്കുമായി നിര്‍മിച്ച അഞ്ചു നില കെട്ടിടത്തിന്റെ ബോര്‍ഡ് അഴിച്ചുവെച്ചാണ് മെഡിക്കല്‍ കോളജ് ഓഫീസ്, അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, പാതോളജി, മൈക്രോ ബയോളജി, പഠന വിഭാഗങ്ങള്‍ക്കു ലബോറട്ടറികള്‍, പഠന മുറികള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികള്‍, ഡെമോ റൂമുകള്‍ എന്നിവ സജ്ജീകരിച്ച് 200 വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സൗകര്യങ്ങള്‍, ലക്ചര്‍ ഹാളുകള്‍, പരീക്ഷാ ഹാളുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ വിഭവ സമാഹരണം നടത്തി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച അഞ്ചു നില കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകളില്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു.
112 മുറികളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കുന്നു. പേ വാര്‍ഡിലെ 40 മുറികളില്‍ 20 മുറികള്‍ അധ്യാപകര്‍ക്ക് വേണ്ടിയും നീക്കിവെച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തിയാകുന്ന മുറക്ക് ഈ സൗകര്യങ്ങള്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ ഉപയോഗത്തിനായി വിനിയോഗിക്കും.
കേരള ഇഡസ്ട്രിയല്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ (കെ ഐ ടി സി ഒ) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
58 കോടി രൂപയുടെ രണ്ടാംഘട്ടം, മൂന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. 500 വിദ്യാര്‍ഥികള്‍ക്ക് താമസിക്കുവാന്‍ സൗകര്യം പ്രതീക്ഷിക്കുന്ന ഹോസ്റ്റല്‍, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. മെഡിക്കല്‍ കോളജിലേക്ക് സൗകര്യപ്രദമായ റോഡുകള്‍, ജലവിതരണ സജ്ജീകരണങ്ങള്‍, വൈദ്യുതി വിതരണത്തിന് സബ് സ്റ്റേഷന്‍ എന്നിവയെല്ലാം ഉദ്ഘാടന ദിവസം പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നു പോലും യാഥാര്‍ഥ്യമായില്ല. പൂര്‍ണ സൗകര്യങ്ങള്‍ നടപ്പിലാക്കി കഴിയുമ്പോള്‍ 165 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
മെഡിക്കല്‍ കോളജില്‍ അഞ്ചു വര്‍ഷമാകുമ്പോള്‍ 500 വിദ്യാര്‍ഥികള്‍, 600 ഓളം ജീവനക്കാര്‍, രോഗികള്‍ക്കാവശ്യമായി ഹൗസ് സര്‍ജ്ജന്‍മാര്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. ഇതോടെ മാത്രമേ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയുള്ളൂ. നഗര കേന്ദ്രീകൃതമായ മെഡിക്കല്‍ കോളജ് വികസനം സൗകര്യപ്രദമായ സ്ഥലത്ത് ആവശ്യമായ ഭൂമി കണ്ടെത്തി വികേന്ദ്രീകൃതമായ വികസന കാഴ്ച്ചപ്പാടുണ്ടാകണമെന്നാണ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി ടി എ എന്നിവരുടെ ദീര്‍ഘ വീക്ഷണം. ഇരുനൂറു കുട്ടികള്‍ക്ക് കുളിക്കാനും ഓടാനും ഉപയുക്തമായ ഗ്രൗണ്ട് പോലും നിലവിലുള്ള 23 ഏക്കറില്‍ കാണുന്നില്ല.

---- facebook comment plugin here -----

Latest