മധുമല പൈപ്പിലെ ചോര്‍ച്ച വീടിന് ഭീഷണിയാകുന്നു

Posted on: November 4, 2014 10:33 am | Last updated: November 4, 2014 at 10:33 am

കാളികാവ്: വെന്തോടന്‍പടിയില്‍ മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പിലെ ചോര്‍ച്ച വീടിന് ഭീഷണിയായി മാറി. കാളികാവ് വണ്ടൂര്‍ റോഡില്‍ മൂച്ചിക്കല്‍ മമ്മു എന്നയാളുടെ വീടിന് സമീപത്താണ് ജലവിതരണ പൈപ്പില്‍ നിന്ന് വന്‍തോതില്‍ വെള്ളം ചോരുന്നത്.
40 എം എം വ്യാസമുള്ള പൈപ്പ് പൊട്ടിയാല്‍ വെള്ളം ശക്തിയായി ഒഴുകുമെന്നതിനാല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. രാത്രി സമയങ്ങളിലാണ് പൈപ്പ് തകരുന്നതെങ്കില്‍ വന്‍ ദുരന്തങ്ങള്‍ തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒരു തവണ തകര്‍ന്ന സ്ഥലത്ത് തന്നെയാണ് വീണ്ടും ചോര്‍ച്ച തുടരുന്നത്. മാസങ്ങളായി തുടരുന്ന ചോര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
പള്ളിശ്ശേരിക്കും വെന്തോടന്‍പടിക്കും ഇടയില്‍ നാല് സ്ഥലങ്ങളില്‍ പൈപ്പില്‍ ചോര്‍ച്ചയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പൈപ്പ് പൊട്ടിയത് ഇന്നലെയാണ് നന്നാക്കിയത്. ഈ സ്ഥലത്ത് നിന്ന് വെറും നൂറ് മീറ്ററോളം ദൂരത്തിലാണ് വീടിന് ഭീഷണിയായി മാറിയ നിലയില്‍ ചോര്‍ച്ച തുടരുന്നത്. വ്യാഴാഴ്ച മുടങ്ങിയ ജലവിതരണം പുന:സ്ഥാപിച്ചതോടെയാണ് പൈപ്പിലെ ചോര്‍ച്ച കൂടുതലായത്. മറ്റ് ചോര്‍ച്ചകളുടെ അളവും കൂടിയിട്ടുണ്ട്.