Connect with us

Malappuram

കള്ളിക്കാട് വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് കാടുമൂടി നശിക്കുന്നു

Published

|

Last Updated

എടവണ്ണപ്പാറ: വെട്ടത്തൂരിലെ കള്ളിക്കാട് വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് ആരും തിരിഞ്ഞുനോക്കാനാളില്ലാതെ കാട് മൂടിക്കിടക്കുകയാണ്. വാഴക്കാട് പഞ്ചായത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പാര്‍ക്ക് ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുകയാണ്.
കള്ളിക്കാട് വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ വരാറില്ല. കാരണം പുല്ലുകള്‍ വളര്‍ന്ന് കാട്മൂടി കിടക്കുകയാണ്. ആള്‍പെരുമാറ്റമില്ലാത്ത പറമ്പുകളെ തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഇന്ന് പാര്‍ക്കിനുള്ളത്. വന്‍തുക മുടങ്ങി വാങ്ങിയ ബോട്ടുകള്‍ വാഴക്കാട് പഞ്ചായത്ത് സ്വകാര്യ വ്യക്തികള്‍ക്ക് ലേലം വഴി നല്‍കിയിരിക്കുകയാണ്. പാര്‍ക്കിനോടനുബന്ധിച്ചുണ്ടായിരുന്ന ഈ ബോട്ട് സന്ദര്‍ശകരെ ആകര്‍ഷിപ്പിച്ചിരുന്നു. മണന്തല കടവിലെ ഒരു വ്യക്തിയാണ് ഇവിടത്തെ ബോട്ടുകള്‍ ലേലത്തിന് വിളിച്ചെടുത്തിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനാവശ്യമായ തോതില്‍ വികസിപ്പിച്ചെടുത്ത പാര്‍ക്ക് ആരും ശ്രദ്ധിക്കാനാളില്ലാതെയാണ് ഈ അവസ്ഥയില്‍ എത്തിയത്. ചാലിയാറിന്റെ തീരത്ത് നിര്‍മിച്ച പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് പ്രിയമേറിയ സ്ഥലമാവുകയായിരുന്നു. വന്‍തുക മുടക്കി പാര്‍ക്ക് പാര്‍ക്ക് നിര്‍മിച്ചുവെന്നല്ലാതെ ബന്ധപ്പെട്ടവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനുള്ള കാര്യങ്ങള്‍ ഇന്ന് പാര്‍ക്കിലുണ്ട്. കൃത്യമായ പരിചരണങ്ങളോ പാര്‍ക്കിനാവശ്യമായ പരസ്യങ്ങളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. പാര്‍ക്ക് നോക്കി നടത്താന്‍ ആളില്ലാത്തതും സ്ഥലം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലായതിനാലുമാണ് കാട്മൂടി കിടക്കുന്നതെന്ന് വാര്‍ഡ് അംഗം ശരീഫ പറഞ്ഞു.