ഒമ്പതാമത് എന്‍ സി ശേഖര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted on: November 4, 2014 12:01 am | Last updated: November 4, 2014 at 12:01 am

കണ്ണൂര്‍: ഈ വര്‍ഷത്തെ എന്‍ സി ശേഖര്‍ പുരസ്‌കാരത്തിന് സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ കെ മാധവന്‍ അര്‍ഹനായതായി പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ സി ശേഖര്‍ പുരസ്‌കാര കമ്മിറ്റിയുടെ ഒമ്പതാമത്തെ പുരസ്‌കാരമാണിത്. അടുത്ത മാസം മൂന്നിന് എന്‍ ശേഖറിന്റെ 29 ാമത് ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് കയ്യൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. എരുമേലി പരമേശ്വരന്‍ പിള്ള അനുസ്മരണവും ഇതോടൊപ്പം നടക്കും. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര കമ്മിറ്റി ഭാരവാഹികളായ വി പി പി മുസ്തഫ, ഇടയത്ത് രവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.