Connect with us

International

എബോള ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിസകള്‍ കാനഡ റദ്ദാക്കി

Published

|

Last Updated

ഒട്ടാവ : എബോള രോഗം പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍നിന്നുള്ള വിസ അപേക്ഷകള്‍ കാനഡ റദ്ദാക്കി. ആസ്‌ത്രേലിയക്ക് പിറകെ ഇത്തരം നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, സിയാറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങളിലാണ് എബോള രോഗം ഏറെ വ്യാപിച്ചിരിക്കുന്നത്. കാനഡയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആസ്‌ത്രേലിയ വിസ റദ്ദാക്കല്‍ നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് ഇതിനെതിരെ വിമര്‍ശവുമായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ രംഗത്തുവന്നിരുന്നു. അതിര്‍ത്തികളടക്കുന്നത് എബോള രോഗവ്യാപനം തടയില്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമാഫ്രിക്കയില്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരടക്കമുള്ള കാനഡക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ തടസ്സമില്ലെന്ന് കനോഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാരേയും കര്‍ശന ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എബോള രോഗത്തിനെതിരായ പോരാട്ടത്തില്‍ കാനഡ നല്‍കുന്ന പിന്തുണയെ സ്വാഗതം ചെയ്യുന്നുവെങ്കിലും രോഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്ന നടപടി പാടില്ലെന്ന് യു എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. കാനഡയുടേയും ആസ്‌ത്രേലിയയുടെയും നടപടികള്‍ക്കെതിരെ പല കോണുകളില്‍നിന്നും കടുത്ത വിമര്‍ശങ്ങളുയരുന്നുണ്ട്.