International
കൊബാനെയില്‍ ഇസില്‍ വിരുദ്ധ യുദ്ധത്തിന് കൂടുതല്‍ പെഷ്മര്‍ഗ് സൈന്യം എത്തിത്തുടങ്ങി

ബഗ്ദാദ്: സിറിയയിലെ അതിര്‍ത്തി പട്ടണമായ കൊബാനിയിലേക്ക് കൂടുതല്‍ ഇറാഖീ പെഷ്മര്‍ഗ് സൈനികര്‍ എത്തിത്തുടങ്ങി. ഇസില്‍ വിരുദ്ധ യുദ്ധത്തിനാണ് ഇവര്‍ അതിര്‍ത്തികടന്നെത്തുന്നത്. കഴിഞ്ഞ ദിവസം സായുധ വാഹനങ്ങളും യുദ്ധോപകരണങ്ങളുമായി ഇവര്‍ യുമുര്‍തലിക് വഴിയാണ് അതിര്‍ത്തി കടന്നത്, ഓരോ തവണയും അഞ്ച് വാഹനം വീതമായാണ് ഇവര്‍ അതിര്‍ത്തി കടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി കടന്നെത്തുന്നവരുടെ കൈകളില്‍ കുര്‍ദ് പതാകകളാണ് ഉള്ളതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇസില്‍ തീവ്രവാദികള്‍ വീണ്ടും ശക്തമായി തിരിച്ചടി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ആറ് ആഴ്ചകള്‍ക്ക് മുമ്പാണ് കൊബാനി നഗരത്തിന് നേരെ ഇസില്‍ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരുന്നത്. നിരവധി പ്രദേശങ്ങളും അതിര്‍ത്തി ഗ്രാമങ്ങളും ഇവര്‍ പിടിച്ചെടുത്തിരുന്നു. മൂന്നാഴ്ച നീണ്ടുനിന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം ഇസിലിനെതിരെ നടത്തിയിരുന്നെങ്കിലും ഇവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
കൂടുതല്‍ സൈന്യവും ആയുധങ്ങളും നല്‍കി ഇസില്‍വിരുദ്ധ യുദ്ധത്തില്‍ കൂടുതല്‍ സഹായം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം കുര്‍ദ് പോരാളികള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇറാഖിലെ പെഷ്മര്‍ഗ് പോരാളികളും എത്തിത്തുടങ്ങിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ തന്നെ ഇവര്‍ എത്തിത്തുടങ്ങിയിരുന്നു. സിറിയയിലെ സുറുസ് നഗരത്തിലാണ് ഇവരില്‍ കൂടുതല്‍ പേരും തമ്പടിച്ചിരിക്കുന്നത്.
ഇപ്പോള്‍ കൊബാനെയില്‍ 3,000 ഇസില്‍ തീവ്രവാദികള്‍ ഉണ്ടെന്നും ഇവരെ പ്രതിരോധിക്കാനായി 1,000 സിറിയന്‍ സൈനികരാണ് ഉള്ളതെന്നും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.