മദ്യരഹിത കേരളം

Posted on: November 2, 2014 11:35 am | Last updated: November 2, 2014 at 11:35 am

‘മദ്യ രഹിത കേരളം’ എന്ന ലക്ഷ്യത്തോടെ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ബാറുകള്‍ പൂട്ടാനുള്ള നടപടി സംസ്ഥാന സര്‍ക്കാറിന് തുടരാമെന്ന ഹൈക്കോടതി വിധി സമൂഹനന്മ ആഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുന്നതാണ്. മദ്യം വിഷമാണെന്നും അത് കുടിക്കരുതെന്നും, മദ്യം നിങ്ങളേയും കുടുംബത്തേയും നശിപ്പിക്കുമെന്നുമുള്ള മഹദ് വചനങ്ങള്‍ ജനങ്ങളില്‍ മദ്യത്തിനെതിരെ ഒരു അവബോധം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും മദ്യലോബി അടങ്ങിയിരിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കോടതികളില്‍ നിന്നുതന്നെ മദ്യനയത്തെ അനുകൂലിച്ചും (ബാര്‍ പൂട്ടാനുള്ള നടപടി സര്‍ക്കാറിന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്), പ്രതികൂലമായും(അടച്ച 250 ബാറുകള്‍ ഒരു മാസത്തേക്ക് തുറക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്)വന്ന കോടതി വിധികള്‍ ‘മദ്യ രഹിത കേരള’മെന്ന സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അത്ര സുഗമമായിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ്. നിലവിലുള്ള ബാറുകളില്‍ പഞ്ചനക്ഷത്ര പദവി ഒഴിച്ചുള്ളവ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേചെയ്യണമെന്ന ബാറുടമകളുടെ ആവശ്യം സെപ്തംബര്‍ മൂന്നിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയപ്പോള്‍ അത് പുതിയ മദ്യനയത്തിന് പിന്‍ബലമേകുന്നതായിരുന്നു. ‘മദ്യ വില്‍പന മൗലികാവകാശമല്ലെ’ന്നും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് മദ്യനയത്തിന് അനുസൃതമായി അബ്കാരി ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതികളും കൊണ്ടുവന്നു. നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന 312 ബാറുകളില്‍ പഞ്ചനക്ഷത്ര പദവിയുള്ളവ ഒഴിച്ച് അടച്ചുപൂട്ടണമെന്ന സര്‍ക്കാറിന്റെ തീരുമാനത്തിന് ഹൈക്കോടതി ഭാഗികമായ അംഗീകാരമേ നല്‍കിയുള്ളു. എന്നുവെച്ചാല്‍, ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളിലെ ബാറുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നായിരുന്നു ഉത്തരവ്. 312 ബാറുകളില്‍ 250 എണ്ണത്തിന് താഴ്‌വീണപ്പോള്‍, സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളിലെ 41 ബാറുകള്‍ക്ക് കൂടി പ്രവര്‍ത്തനം തുടരാന്‍ സിംഗിള്‍ ബഞ്ച് അനുമതി നല്‍കി.
എന്നാല്‍, സംസ്ഥാനത്ത് ഒക്‌ടോബര്‍ 30ന് വ്യാഴാഴ്ച പൂട്ടിയ 250 ബാറുകള്‍ ഒരു മാസത്തേക്ക്കൂടി തുറന്ന് പ്രവര്‍ത്തിക്കാന്‍ ഏഴ് അപ്പീലുകള്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കി. കണ്ണടച്ച് തുറക്കും വേഗതയിലായിരുന്നു സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഈ ബാറുകള്‍ അടച്ച്പൂട്ടാനുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി വരുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥതി ഒരു മാസത്തേക്ക് തുടരാനാണ് ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. അപ്പീല്‍ നവംബര്‍ 18ന് വീണ്ടും കോടതി പരിഗണനക്കെടുക്കും. സമ്പന്നര്‍ക്ക് ബാര്‍ സൗകര്യം നിലനിര്‍ത്തുകയും സാധാരണക്കാര്‍ക്ക് ഈ സൗകര്യം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരാവില്ലേ എന്ന കോടതിയുടെ ചോദ്യവും ശ്രദ്ധേയമായിരുന്നു.
ഏതായാലും മദ്യനയം പ്രായോഗികതലത്തില്‍ എത്തിക്കാന്‍ ഒട്ടേറെ കടമ്പകള്‍ താണ്ടേണ്ടിവരുമെന്ന് ഉറപ്പാണ്. നിയമ പോരാട്ടവും സങ്കീര്‍ണമായിരിക്കും. മദ്യനയത്തില്‍ വിവേചനമുണ്ടെന്ന് ബാറുടമകള്‍ വാദിക്കുന്നു. ഉയര്‍ന്ന നക്ഷത്രപദവിയുള്ള ബാറുകള്‍ക്ക് മാത്രം അനുമതി നല്‍കുന്നത് വിവേചനപരമല്ലേഎന്ന ആശങ്കയും നിലവിലുണ്ട്. അവ്യക്തതകള്‍ ഏറെയുണ്ട് പരിഹരിക്കാന്‍.
അതിനിടയില്‍, ബാറുകളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചില പ്രമുഖര്‍ ഇടപെട്ടതായും ബാറുടമകളോട് കോഴ ആവശ്യപ്പെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രമുഖ ബാറുടമയും അവരുടെ സംഘടനാ നേതാവുമാണ് ഒരു മാധ്യമ ചര്‍ച്ചാ വേളയില്‍ ഇക്കാര്യം എടുത്തിട്ടത്. സി ബി ഐ പോലുള്ള ഏജന്‍സി അന്വേഷിക്കുന്ന പക്ഷം തെളിവുകള്‍ ഹാജരാക്കാമെന്നും, തെറ്റാണെങ്കില്‍ ആത്മാഹുതിക്ക് പോലും തയ്യാറാണെന്നും ബാറുടമ വെല്ലുവിളിച്ചു. യു ഡി എഫ് ഈ ആരോപണം നിഷ്‌കരുണം തള്ളിക്കളയുന്നു. എല്‍ ഡി എഫ് ആണെങ്കില്‍ ആരേയും വ്യക്തിപരമായി കുറ്റപ്പെടുത്താതെ സംസ്ഥാന സര്‍ക്കാറിനെതിരെ വിരല്‍ചൂണ്ടി കൈകഴുകുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്നതായി പറയുന്ന സംഭവം ഇത്രയുംകാലം മറച്ചുപിടിച്ച് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് യു ഡി എഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറയുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം യു ഡി എഫില്‍ പൊതുവിലും കോണ്‍ഗ്രസില്‍ വിശേഷിച്ചും കടുത്ത അഭിപ്രായ ഭിന്നതക്ക് വഴിവെച്ചിരുന്നു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട് മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായിരുന്നു. ഈ ആശയ സംഘട്ടനം ഏറെ ചൂടും പുകയും ഉയര്‍ത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് മദ്യനയം പുറത്ത് വന്നപ്പോള്‍ കേരളീയര്‍ അന്തംവിട്ട് നില്‍ക്കുകയാണ്. ബാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണത്തിന്റെ പരിണിതി എങ്ങിനെയാകുമെന്നറിയാന്‍ കേരളം കാത്തിരിക്കുകയാണ്.