മന്ത്രിസഭയില്‍ 2:1 പ്രാതിനിധ്യവും ഉപമുഖ്യമന്ത്രി പദവും വേണമെന്ന് ശിവസേന

Posted on: November 2, 2014 10:28 am | Last updated: November 3, 2014 at 12:33 am

shivasenaമുംബൈ: മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നുവെങ്കില്‍ 15നകം ആകണമെന്ന് ശിവസേനയുടെ അന്ത്യശാസനം. രണ്ട് ബി ജെ പി മന്ത്രിക്ക് ഒരു ശിവസേനാ മന്ത്രി എന്ന അനുപാതത്തിലായിരിക്കണം മന്ത്രിസഭയുടെ ഘടനയെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമെ ഉപമുഖ്യമന്ത്രി പദത്തിനും ശിവസേന അവകാശവാദം ഉന്നയിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ 32 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് ധാരണ. ബി ജെ പിക്ക് 20, ശിവസേനക്ക് 10, മറ്റ് രണ്ട് ഘടക കക്ഷികള്‍ക്ക് ഓരോ മന്ത്രിമാര്‍ എന്നാണ് ധാരണ ഉണ്ടാക്കിയത്.
വെള്ളിയാഴ്ച അധികാരമേറ്റ ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിസഭയോട് നവംബര്‍ 15നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യകാര്യത്തില്‍ ബി ജെ പി നേതൃത്വം ഉടനെ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഫട്‌നാവിസിന്റെ ന്യൂനപക്ഷ സര്‍ക്കാറിന് ശിവസേന വോട്ട് ചെയ്യില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 121 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 24 അംഗങ്ങള്‍ കൂടി വേണം. ഒരു ബി ജെ പി. എം എല്‍ എ കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്തു. ഏഴ് സ്വതന്ത്ര എം എല്‍ എമാര്‍ ബി ജെ പിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശിവസേനക്ക് 63 അംഗങ്ങളുണ്ട്. 41 അംഗങ്ങളുള്ള എന്‍ സി പി, ബി ജെ പിക്ക് പുറത്ത് നിന്ന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് എന്‍ സി പി ഉദ്ദേശിക്കുന്നത്. ഈ നിലപാട് ബി ജെ പി ക്ക് ഗുണകരമാണ്.