Connect with us

Gulf

മുതിര്‍ന്ന പൗരന്മാര്‍ക്കായി സോഷ്യല്‍ ക്ലബ്ബ് ആരംഭിച്ചു

Published

|

Last Updated

ദുബൈ: മുതിര്‍ന്ന പൗരന്മാര്‍ക്കായി രാജ്യത്തെ ആദ്യ സമൂഹിക ക്ലബ്ബ് ദുബൈയില്‍ തുറന്നു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് തുഖര്‍ സോഷ്യല്‍ ക്ലബ് എന്നു പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ സകല സൗകര്യങ്ങളോടും കൂടിയാണ് ക്ലബ്ബ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സി ഡി എ (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി) വ്യക്തമാക്കി. സമൂഹികമായ കൂടിച്ചേരല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും ക്ലബ്ബില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ലബ്ബിന്റെ ഭാഗമായി പണിത അറബിക് കോഫി തെര്‍മോസ് സംവിധാനം നാലു മാസം മുമ്പ് നിര്‍മാണ ചാതുരിയാല്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. സ്വദേശിയായ ഇസ്മാഈല്‍ അല്‍ സഫറാണ് ഇതിന്റെ ശില്‍പി. 2.6 മീറ്റര്‍ നീളത്തിലും 1.8 മീറ്റര്‍ വീതിയിലും ചെമ്പില്‍ നിര്‍മിച്ചിരിക്കുന്ന കോപര്‍ തെര്‍മോസ് പണിയാന്‍ നാലു മാസമാണ് വേണ്ടി വന്നത്. സമ്മാനപ്പെട്ടിയുടെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ക്ലബ്ബ്, മുതിര്‍ന്നവര്‍ ദേശത്തിനുള്ള സമ്മാനമാണെന്ന ചിന്തയും പങ്കുവെക്കുന്നു.
അല്‍ ബര്‍ഷയിലാണ് തുഖര്‍ സോഷ്യല്‍ ക്ലബ്ബ് നിര്‍മിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തില്‍ നിന്നു ഏകാന്തയും മടുപ്പും ഒഴിവാക്കാനായാണ് സി ഡി എയുടെ ആഭിമുഖ്യത്തില്‍ ക്ലബ്ബ് പണിതിരിക്കുന്നത്. സ്വദേശികളായ മുതിര്‍ന്ന പൗരന്മാരുടെ ജീവിതരീതിയില്‍ മാറ്റം സാധ്യമാക്കാനും ഒപ്പം സമാന അവസ്ഥയിലുള്ളവരുമായി കൂടിച്ചേര്‍ന്ന് സന്തോഷത്തോടെ ജീവിതം ചെലവഴിക്കാനും ലക്ഷ്യമിടുന്നു.
ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരം ഒരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതെന്ന് സി ഡി എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ കംദ വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരുടെ ജീവിതം സന്തോഷപ്രദവും ക്രിയാത്മകവുമായി മാറ്റിയെടുക്കാനുള്ള സി ഡി എയുടെ പരിപാടിയുടെ ഭാഗമാണിത്. മുതിര്‍ന്ന പൗരന്മാരെ ഒറ്റപ്പെടുത്തലും വൃദ്ധസദനങ്ങള്‍ പോലുള്ള സംരക്ഷണ കേന്ദ്രങ്ങളിലേക്ക് തള്ളിവിടലും സ്വദേശി സംസ്‌കാരത്തിന് അന്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

Latest