അബുദാബി സയന്‍സ് ഫെസ്റ്റ് ഷാര്‍ജയിലും അരങ്ങേറും

Posted on: November 1, 2014 6:28 pm | Last updated: November 1, 2014 at 6:28 pm

scienceഅബുദാബി: എ ഡി എസ് എഫ്(അബുദാബി സയന്‍സ് ഫെസ്റ്റിവല്‍) ഷാര്‍ജയിലും നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അബുദാബി കിരീടാവകാശിയും സായുധസേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് എ ഡി എസ് എഫ് സംഘടിപ്പിക്കുന്നത്. 13 മുതല്‍ 22 വരെയായിരിക്കും ഷാര്‍ജ അല്‍ മസാജ് വാട്ടര്‍ ഫ്രണ്ടില്‍ എ ഡി എസ് എഫ് സംഘടിപ്പിക്കുക. ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന എ ഡി എസ് എഫില്‍ ശാസ്ത്ര വിഷയങ്ങളില്‍ തല്‍പരരായ കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവരും എത്തും. ശാസ്ത്രവും കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യയുമെല്ലാം കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ ഡി എസ് എഫിനെ വടക്കന്‍ സ്റ്റേറ്റുകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റ ഭാഗമാണ് ഷാര്‍ജയിലെ പരിപാടി.
എ ഡി എസ് എഫ് ഷാര്‍ജയില്‍ എത്തുന്നതോടെ രാജ്യത്തെ കൂടുതല്‍ ആളുകള്‍ക്ക് ശാസ്ത്രത്തിലെ അല്‍ഭുത പ്രതിഭാസങ്ങളെ അടുത്തറിയാന്‍ സാധിക്കും. ഇത് ബോധ്യപ്പെടുത്തുന്ന ശാസ്ത്രപരീക്ഷണങ്ങളും മറ്റുമാവും ശാസ്ത്രപ്രതിഭകളായ കുട്ടികള്‍ പൊതുജനത്തിന് മുമ്പില്‍ കാഴ്ചവെക്കുക. ഇത് കൂടുതല്‍ വിദ്യാര്‍ഥികളെ ഇത്തരം പഠനപ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബുദാബി ടെക്‌നോളജി ഡവലപ്‌മെന്റ് കമ്മിറ്റിയുടെ കണ്ടന്റ്, സയന്‍സ് ടെക്‌നോളജി പ്രമോഷന്‍ മാനേജര്‍ നീമ അല്‍ മര്‍ഷൗദി വ്യക്തമാക്കി.
അബുദാബി കോര്‍ണിഷിലും അല്‍ ഐന്‍ മൃഗശാലയിലുമായി നടന്നുവന്ന എ ഡി എസ് എഫ് ഷാര്‍ജയില്‍ എത്തുന്നത് ശാസ്ത്രത്തിനായി ഷാര്‍ജ നല്‍കുന്ന മുന്തിയ പരിഗണനയിലാണ്. 10 ദിവസത്തെ പരിപാടിയിലൂടെ ഷാര്‍ജയിലെ ജനങ്ങള്‍ക്ക് ശാസ്ത്രത്തെ അടുത്തറിയാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.