പുതിയപാലത്തെ വലിയപാലം നിര്‍മാണം ഉടന്‍ തുടങ്ങും

Posted on: November 1, 2014 12:19 pm | Last updated: November 1, 2014 at 12:19 pm

കോഴിക്കോട്: നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന് കനോലി കനാലിന് കുറുകെ പുതിയപാലത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന വലിയ പാലത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. 

പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ സി എ ലതയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ചേരുന്നതിനു മുമ്പാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്.
കോട്ടൂളി കസബ വില്ലേജില്‍പ്പെട്ട ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പദ്ധതിപ്രദേശത്ത് 117 കടകളും അഞ്ച് വീടുകളുമാണുള്ളത്. പാലം നിര്‍മാണത്തിന് 40 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ചിരകാല ആവശ്യമായതിനാല്‍ നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 173 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്.
പാലം നിലവില്‍ വരുമ്പോള്‍ ഭൂമിയും കടകളും നഷ്ടപ്പെടുന്നവരുടെ കാര്യവും വിലനിര്‍ണയവും ജില്ലാതല പര്‍ച്ചേസ് കമ്മറ്റി അനുഭാവപൂര്‍വം പരിഗണിക്കും. ഇതിന് വിശദമായ പുനരധിവാസ പാക്കേജ് തയ്യാറാക്കും. പി ഡബ്ലിയു ഡി റോഡ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിക്ക് ശേഷം ചേരുന്ന ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ നിര്‍മാണപ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
1984 ല്‍ നിര്‍മിച്ച നിലവിലുള്ള പാലത്തിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമാണ്. നിലവിലുള്ള കടയുടമകള്‍ക്ക് താത്ക്കാലികമായി പൊതുമരാമത്ത് വകുപ്പ് ഷെഡ്ഡുകള്‍ നിര്‍മിച്ചു നല്‍കും. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ പാളയത്തുനിന്ന് സൈബര്‍ പാര്‍ക്ക് പരിസരത്തേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. പാളയത്ത് നിന്ന് നേരെ തളി വഴി മിനി ബൈപ്പാസിലേക്കും വളയനാട്, മേത്തോട്ടുതാഴം, പാലാഴി റോഡ് വഴി സൈബര്‍ പാര്‍ക്ക് പരിസരത്തുമെത്താനാകും. കല്ലായ് റോഡ്, പാളയം ഭാഗത്തുനിന്ന് തൊണ്ടയാട് ബൈപ്പാസിലേക്കുമുള്ള വാഹനങ്ങള്‍ പാലത്തിലൂടെ വഴിതിരിച്ചുവിടാനാകും.
പാലം പണി പൂര്‍ത്തിയാകുന്നതോടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും. ഡെപ്യൂട്ടി കലക്ടര്‍ സി മോഹനന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല എന്നിവരും കലക്ടറെ അനുഗമിച്ചു.