പുഴകളും തോടുകളും കേന്ദ്രീകരിച്ച് മണലൂറ്റ് സജീവം

Posted on: November 1, 2014 12:10 pm | Last updated: November 1, 2014 at 12:10 pm

താമരശ്ശേരി: പുതുപ്പാടി മേഖലയില്‍ പുഴകളും തോടുകളും കേന്ദ്രീകരിച്ചുള്ള മണലൂറ്റ് സജീവം. മലപുറം, ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, കക്കാട്, പയോണ പ്രദേശങ്ങളിലാണ് മണല്‍കൊള്ള നടക്കുന്നത്. കൈതപ്പൊയില്‍ അങ്ങാടിക്ക് സമീപം പുഴയില്‍ നിന്ന് രാപ്പകല്‍ ഭേദമന്യേ മണല്‍ കടത്തുന്നുണ്ട്. പുതുപ്പാടി വില്ലേജോഫീസിന്റെ വിളിപ്പാടകലെയാണ് ഇത്.
പയോണ, കരികുളം ഭാഗങ്ങളിലും മണല്‍കൊള്ള നിര്‍ബാധം തുടരുകയാണ്. പോലീസിന്റെയോ റവന്യൂ വകുപ്പിന്റെയോ നോട്ടം ഈ ഭാഗങ്ങളിലേക്ക് എത്താത്തതാണ് മണല്‍കൊള്ളക്കാര്‍ക്ക് തുണയാകുന്നത്. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം 66.5 ടണ്‍ മണല്‍ പിടിച്ചെടുത്ത് ലേലം ചെയ്തിരുന്നു.