Connect with us

Kerala

80 ദിവസം ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് അര്‍ഹത

Published

|

Last Updated

തിരുവനന്തപുരം: ഒരു വര്‍ഷത്തില്‍ 80 ദിവസത്തില്‍ കുറയാതെ ജോലി ചെയ്ത താത്കാലിക, സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
പ്രസവാവധി എടുത്തുവെന്ന പേരില്‍ ജീവനക്കാരിയെ പിരിച്ചുവിടാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മെറ്റേണിറ്റി ബെനഫിറ്റ്‌സ് ആക്ട് അനുസരിച്ച് ഇത് കര്‍ശനമായി നടപ്പാക്കണം. മുല്ലൂര്‍ റൂറല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്ത തന്നെ പ്രസവാവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ പിരിച്ചുവിട്ടെന്ന് കാട്ടി മുക്കോല സ്വദേശി ബി എസ് ധന്യ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരി ഏഴ് വര്‍ഷംവരെ സംഘത്തില്‍ ജോലിചെയ്തു. ജോലിയില്‍ പ്രവേശിച്ച സമയത്ത് രണ്ട് ലക്ഷം രൂപ ബേങ്കിന് നല്‍കിയെന്നും അത് സ്ഥിരം നിക്ഷേപമാക്കാതെ അധികൃതര്‍ സസ്‌പെന്‍സ് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.
വ്യവസായ തര്‍ക്കനിയമം 25 (എഫ്) പ്രകാരം ഏതെങ്കിലും സ്ഥാപനം നഷ്ടത്തിലാകുമ്പോഴോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താലോ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നാല്‍ ജൂനിയറിനെയാണ് പിരിച്ചു വിടേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. അങ്ങനെ പിരിച്ചു വിടുന്നതിനു മുമ്പ് നോട്ടീസ് കൊടുക്കണം. നോട്ടീസ് കൊടുക്കാതെ പിരിച്ചു വിട്ടവരെ ശമ്പളത്തോടുകൂടി തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചതായി കമ്മീഷന്‍ നിരീക്ഷിച്ചു.
സഹകരണ സംഘം തൊഴില്‍ നിയമത്തിന് അതീതമല്ല. പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് വാങ്ങിയ പണം സംഘം തിരിച്ചു കൊടുക്കണമെന്ന് കോശി ഉത്തരവില്‍ പറഞ്ഞു.
പരാതിയെ കുറിച്ച് അനേ്വഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ മുല്ലൂര്‍ റൂറല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറിക്കും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്കും (ജനറല്‍) ജില്ലാ ലേബര്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. ഈ മാസം 20നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ഈ മാസം 28ന് തിരുവനന്തപുരത്ത് പരിഗണിക്കും.

---- facebook comment plugin here -----

Latest