Connect with us

Kannur

മനോജ് വധം: സി ബി ഐ ഓഫീസ് തലശ്ശേരിയില്‍

Published

|

Last Updated

കണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി സി ബി ഐ സംഘം തലശ്ശേരിയിലെത്തി. നാളെ സി ബി ഐ തലശ്ശേരിയില്‍ ക്യാമ്പ് ഓഫീസ് തുറക്കും. സി ബി ഐ തിരുവനന്തപുരം യൂനിറ്റിലെ സി ഐ അനില്‍ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലശ്ശേരിയിലെത്തിയത്. എ എസ് പി ഓഫീസ് പരിസരത്ത് സ്ഥിതിചെയ്യുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ കഴിഞ്ഞ ദിവസമെത്തിയ സംഘം ഡി വൈ എസ് പിമാരായ കെ വി സന്തോഷ്, സോജന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം ഫയലുകള്‍ പരിശോധിച്ചു. സി ബി ഐ തിരുവനന്തപുരം യൂനിറ്റിലെ ഡി വൈ എസ് പി. ഹരി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. ഈ സംഘത്തിലെ അംഗമാണ് സി ഐ. അനില്‍ ജോയ്. തിങ്കളാഴ്ചയോടെ ഹരി ഓംപ്രകാശിന്റെ നേതൃത്വത്തിലുളള്ള സംഘം തലശ്ശേരിയിലെത്തി കേസ് ഫയല്‍ ഏറ്റുവാങ്ങുമെന്നാണ് അറിയുന്നത്. ക്യാമ്പ് ഓഫീസ് തുറക്കുന്നതിനായി വിവിധ സ്ഥലങ്ങള്‍ സി ബി ഐ പരിശോധിച്ചിട്ടുണ്ട്. അതിനിടെ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് പൂര്‍ണമായും അവസാനിപ്പിച്ചതായാണ് അറിയുന്നത്. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള സുജിത്ത്, ജിജേഷ് എന്നിവരെ കസ്റ്റഡി കാലാവധി തീരുന്ന നാലിന് കോടതിയില്‍ ഹാജരാക്കുകയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മാലൂരിലെ പ്രഭാകരന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിന് അപേക്ഷ നല്‍കുകയുമാണ് ക്രൈം ബ്രാഞ്ചിന് ചെയ്യേണ്ട ജോലികളില്‍ ബാക്കിയുള്ളത്.
ഫയല്‍ സി ബി ഐക്ക് കൈമാറുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു. കൊലയാളി സംഘത്തിലെ മറ്റ് അംഗങ്ങളായ പ്രഭാകരന്‍, വിനോദ്, സുജിത്ത്, ജിജേഷ് എന്നിവരും വിക്രമന് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയ പ്രകാശനുമുള്‍പ്പെടെ ആറ് പേരാണ് ഈ കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ നാല് പേരെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികളെ സി ബി ഐ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ഇനി അറസ്റ്റിലാകുന്ന പ്രതികളെ കൊച്ചിയിലെ സി ബി ഐ കോടതിയിലാണ് ഹാജരാക്കുക.