Connect with us

Gulf

ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറത്തിന് സമാപനം

Published

|

Last Updated

ദുബൈ: ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അതിര്‍ത്തി കടന്നുള്ള വാണിജ്യങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെ ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറം സമാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ എത്തണം. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെടണം. പുതിയ കണ്ടെത്തലുകള്‍ നടത്തുകയും ഉത്പാദനം ശക്തിപ്പെടുത്തുകയും വേണം. മത്സരാധിഷ്ഠിത, വരുമാനാധിഷ്ഠിത വാണിജ്യ മേഖലകള്‍ സമൂഹത്തിന് ഗുണം ചെയ്യുകയും വേണം. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഹമദ് ബുആമിം സമ്മേളനത്തിന്റെ അവസാനമായി ആഹ്വാനം ചെയ്തു. ഉത്പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. അതിന് സാക്ഷ്യപത്രം നല്‍കാനുള്ള സംവിധാനങ്ങള്‍ക്ക് അതോറിറ്റി വ്യാപകമാക്കണം. പൊതു-സ്വകാര്യ ബാന്ധവം വളര്‍ത്തിയെടുക്കണം.- അദ്ദേഹം പറഞ്ഞു. 118 രാജ്യങ്ങളില്‍ നിന്ന് 3,215 പ്രതിനിധികള്‍ പങ്കെടുത്ത മൂന്നു ദിവസത്തെ സമ്മേളനം വന്‍ വിജയമായിരുന്നു.
ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ ചെറുകിട-ഇടത്തരം വ്യവസായ വളര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്ന് രാജ്യാന്തര വിദഗ്ധരും അഭിപ്രായപ്പെട്ടു. ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്‌ലാമിക വ്യാപാര സംവിധാനത്തിന്റെ വികസനത്തിനും ഇതു ഗുണകരമാണ്. നിലവിലുള്ള സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇതിനു കൂടുതല്‍ സ്വീകാര്യത കൈവരും.
വിശ്വാസ്യത കൂടുതലാണെങ്കിലും ഇസ്‌ലാമിക ധനകാര്യവ്യവസ്ഥയ്ക്കും വ്യാപാരത്തിനും വേണ്ടത്ര വളര്‍ച്ച കൈവരിക്കാനായില്ലെന്ന് നൂര്‍ ഇസ്‌ലാമിക് ബാങ്ക് സിഇ ഒ യും ദുബൈ ഇസ്‌ലാമിക് ഇക്കണോമി ഡവലപ്‌മെന്റ് സെന്റര്‍ ബോര്‍ഡ് അംഗവുമായ ഹുസൈന്‍ അല്‍ ഖംസി പറഞ്ഞു. കാര്യക്ഷമമായ നടത്തിപ്പിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും സാഹചര്യം മാറ്റിയെടുക്കാം. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനു സാമ്പത്തിക പിന്തുണ ഉറപ്പാക്കണം. ഇത്തരം വ്യാപാര രീതിയാണ് പുരോഗതി നേടിത്തരുന്നത്. സാമ്പത്തിക മുന്നേറ്റത്തിനും സാംസ്‌കാരിക സഹകരണത്തിനും സഹായകമാകും.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരിച്ച് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ ജനകീയമാക്കണമെന്ന് ദുബൈ ഇസ്‌ലാമിക് ബേങ്ക് സി ഇ ഒ ഡോ. അദ്‌നാന്‍ ചില്‍വാന്‍ പറഞ്ഞു. നിലവിലുള്ള ബേങ്കിംഗ് സംവിധാനത്തിനു സമാന്തരമായി ഇസ്‌ലാമിക ബേങ്കിംഗ് പ്രോത്‌സാഹിപ്പിക്കാം. കൂടുതല്‍ ഭദ്രത ഉറപ്പുവരുത്താന്‍ ഇതിനാകുമെന്നും അദ്ദേഹം പറഞ്ഞു.
നയരൂപീകരണതലത്തിലെ തടസ്സങ്ങള്‍ മാറ്റി ഇസ്‌ലാമിക വ്യാപാര-ധനകാര്യ വ്യവസ്ഥ വ്യാപകമാക്കണമെന്ന് മലേഷ്യയില്‍ നിന്നുള്ള പ്രതിനിധി മുസാഫര്‍ ഹിഷാം പറഞ്ഞു. മലേഷ്യയും ഇന്തൊനീഷ്യയും സിംഗപ്പൂരും തമ്മിലുള്ള വ്യാപാര ഇടപാടില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിക്കഴിഞ്ഞു. അബുദാബി ഇസ്‌ലാമിക് ബേങ്ക് ജനറല്‍ മാനേജര്‍ ആരിഫ് ഉസ്മാന്‍, സിംഗപ്പൂരിലെ ഇസ്‌ലാമിക് ബേങ്ക് ഓഫ് ഏഷ്യ സി ഇ ഒ ടോബി ഒകോനര്‍ തുടങ്ങിയവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

 

Latest