Connect with us

Ongoing News

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കൂട്ടി; ജനത്തിന് മേല്‍ 1000 കോടിയുടെ അധിക ബാധ്യത

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയതു വഴി സംസ്ഥാന ഖജനാവിലേക്കെത്തുന്ന ആയിരം കോടിയിലേറെ രൂപയുടെ അധിക ബാധ്യത പൊതുജനത്തിന്റെ ചുമലിലാകും. പെട്രോളിന് 0.71 ശതമാനം അധിക വില്‍പ്പന നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ഡീസലിന് 4.77 ശതമാനമാണ് ഉയര്‍ത്തിയത്.

പെട്രോളിന്റെ സംസ്ഥാന നികുതി 26.21ല്‍ നിന്ന് 26.92 ശതമാനമായും ഡീസല്‍ നികുതി 19.80 ല്‍നിന്ന് 24.69 ശതമാനമാനമായുമാണ് ഉയര്‍ത്തിയത്. ഇതോടെ വര്‍ഷം 966.16 കോടി രൂപയുടെ അധിക നികുതി വരുമാനമാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. പെട്രോളിനും ഡീസലിനും വില വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വസം നല്‍കാന്‍ അധിക നികുതി വരുമാനം സംസ്ഥാനം വേണ്ടെന്ന് വെക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന യു ഡി എഫ് സര്‍ക്കാര്‍ ജനരോഷം കുറഞ്ഞെന്ന് മനസ്സിലായപ്പോള്‍ കഴിഞ്ഞ ദിവസമാണ് വില്‍പ്പന നികുതി വര്‍ധനവിലൂടെ പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധന വകുപ്പ് മന്ത്രിസഭക്ക് സമര്‍പ്പിച്ച അധിക വിഭവ സമാഹരണ നിര്‍ദേശങ്ങളില്‍ പെട്രോളിന്റെ നികുതി 0.71 ശതമാനം കൂടി ഉയര്‍ത്തണമെന്ന് മാത്രമാണ് നിര്‍ദേശിച്ചിരുന്നത്. ഡീസലിന്റെ നികുതി വര്‍ധന ഇതില്‍ പരാമര്‍ശിച്ചിരുന്നില്ല. എണ്ണക്കമ്പനികള്‍ വില കുറക്കുമ്പോള്‍ വരുമാന നഷ്ടം വരുന്നതിനാല്‍ നികുതി നിരക്ക് കൂട്ടണമെന്നാണ് ധന വകുപ്പ് ആവശ്യപ്പെട്ടത്. വില വര്‍ധനയെ അപേക്ഷിച്ച് പെട്രോളിയം കമ്പനികള്‍ നാമമാത്രമായാണ് വില കുറക്കുന്നത്. അതുതന്നെ വളരെ വിരളമായാണ്.
സംസ്ഥാന നികുതിയും കൂട്ടിയതോടെ നാമാമത്രമായ വിലക്കുറവിന്റെ നേട്ടവും മലയാളികള്‍ക്ക് നഷ്ടമാകുന്ന അവസ്ഥയാണ്. അതേസമയം, അധിക വിഭവ സമാഹരണത്തിന് വലിയ ഭാരമാകാത്ത ചില നിര്‍ദേശങ്ങള്‍ ധന വകുപ്പ് മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് ജനത്തിന് ഭാരമാകുന്ന നികുതി വര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നത്. തീവ്ര റവന്യൂ റിക്കവറി നടപടിയിലൂടെ വരുമാന വര്‍ധനക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒരിഞ്ചും മുന്നോട്ടുപോയിട്ടില്ല. ഇതിനായി ഓരോ ജില്ലയിലും ഒരു മന്ത്രിക്ക് ചുമതല നല്‍കിയതോടെ നികുതി സ്റ്റേ നടപടികളില്‍ എല്ലാ മന്ത്രി ഓഫീസുകള്‍ക്കും ഇടപെടാനുള്ള അവസ്ഥയുണ്ടാക്കിയത് മാത്രമാണ് മിച്ഛം. കാന്റീന്‍ സ്റ്റോര്‍ വകുപ്പു വഴി വിതരണം ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് നിലവിലെ 65 ശതമാനം നികുതി 85 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു ഒരു നിര്‍ദേശം. സ്റ്റോറിന് പുറത്തു വിതരണം ചെയ്യുന്ന വിദേശ മദ്യത്തിന്റെ നികുതി 135 ശതമാനമായി ഉയര്‍ത്തുന്ന സ്ഥിതിയില്‍ 85 ശതമാനം നികുതി ന്യായീകരിക്കാവുന്നതാണെന്നും ധന വകുപ്പ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചിട്ടേയില്ല.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നെങ്കിലും, ഉത്തരവ് ഇറക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വലിയ ഉദ്യോഗസ്ഥ സംഘം ലക്ഷങ്ങള്‍ മുടക്കി സെമിനാറില്‍ പങ്കെടുക്കാന്‍ ആസ്‌ത്രേലിയയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരിപാടികളുടെയും നേട്ടങ്ങളുടെ ഡിസ്‌പ്ലേ പരസ്യം ഒഴിവാക്കിയതു പോലെയുള്ള ജനത്തിന്റെ കണ്ണില്‍പ്പൊടിയിടാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നികുതി വര്‍ധനയല്ലാതെ വരുമാനം വര്‍ധിപ്പിക്കാനായി മന്ത്രിസഭ അംഗീകരിച്ച മറ്റു നടപടികളൊന്നും ഇതുവരെ ഫലപ്രദമായിട്ടില്ല.

Latest