Connect with us

Malappuram

ഇല്ലാത്ത വസ്തു വില്‍പ്പന നടത്തി കോടികളുടെ തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യം തള്ളി

Published

|

Last Updated

മഞ്ചേരി: ഇല്ലാത്ത സ്ഥലം ഉണ്ടെന്ന് വ്യാജ രേഖയുണ്ടാക്കി ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
ഒന്നാം പ്രതി അങ്ങാടിപ്പുറം മലബാര്‍ ട്രേഡിംഗ് കമ്പനി ഉടമയും ചെരക്കാപ്പറമ്പ് ഇരുമ്പുലക്കല്‍ അബ്ദുല്‍ അസീസ് (48)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2012 നവംബര്‍ 26നും 2014 മാര്‍ച്ച് 22നും ഇടയിലായാണ് തട്ടിപ്പ് നടന്നത്.
കോഴിക്കോട് കടലുണ്ടി പഴച്ചനൂര്‍ തൈക്കോടത്തില്‍ കുഞ്ഞാത്തു മകന്‍ ശശിധരന്‍ (60) ആണ് വഞ്ചിക്കപ്പെട്ടത്. ഒന്നാം പ്രതിയുടെ പേരില്‍ അഞ്ചര ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഈ സ്ഥലം ശശിധരന്റെ ഉടമസ്ഥതയില്‍ ഫറോക്കിലുള്ള തുണിക്കടയുമായി മാറ്റ കച്ചവടം നടത്തുകയായിരുന്നു. സ്ഥലത്തിന് നാലു കോടി നാല്‍പതു ലക്ഷം രൂപ വില നിശ്ചയിക്കുകയും തുണിക്കട മൂന്നൂ കോടി രൂപക്ക് കച്ചവടമുറപ്പിക്കുകയുമായിരുന്നു.
ഇതിലേക്ക് 50 ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റിയതും തുണിക്കടയിലെ സ്റ്റോക്ക് വില്‍പ്പന നടത്തിയതുമടക്കം പ്രതികള്‍ക്ക് ലഭിച്ച 1.90 കോടി രൂപ തിരിച്ചു നല്‍കുകയോ സ്ഥലം രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയോ ഉണ്ടായില്ലെന്നാണ് പരാതി. ഉബൈദുല്ല, സേതുമാധവന്‍, ഷാജി വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2014 സെപ്തംബര്‍ 17ന് അറസ്റ്റിലായ ഉബൈദുല്ലയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസിലെ പ്രതികളായ മറ്റുള്ളവര്‍ ഒളിവിലാണ്.