Connect with us

Kerala

പച്ചപ്പൊരുക്കാന്‍ വര്‍ഗീസിന്റെ ജലവിദ്യ

Published

|

Last Updated

tsr vargees poto (2)തൃശൂര്‍: വെള്ളമില്ലാത്തതിന്റെ പേരില്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാതൃകയാകുകയാണ് തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍. പ്രത്യേക രീതിയിലുള്ള ട്രഞ്ചിംഗ് സംവിധാനത്തിലൂടെയാണ് തന്റെ മൂന്നരയേക്കര്‍ കൃഷിസ്ഥലത്ത് വീഴുന്ന മഴവെള്ളം ഒട്ടുംചോര്‍ന്ന് പോകാതെ കൃഷിഭൂമിയിലേക്ക് തന്നെ താഴ്ത്തുന്നത്.

വേലൂര്‍ പഞ്ചായത്തിലെ കുറുമാല്‍ കുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം വാങ്ങുമ്പോള്‍ നിറയെ കാട് പിടിച്ച് കിടക്കുന്ന പാല്‍വറ്റാറായ റബര്‍ മരങ്ങളുടെ തോട്ടമായിരുന്നു ഇവിടെ. റബറിന് പുറമെ മറ്റ് കാര്‍ഷിക വിളകളും വിളയിക്കാനൊരുങ്ങിയപ്പോഴാണ് പ്രദേശത്തെ ജല ലഭ്യത വില്ലനായത്. സമീപ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി കേരള സാമൂഹിക ജലക്ഷേമ പദ്ധതി പ്രകാരമുള്ള കുഴല്‍ കിണറിനെയാണ് ആശ്രയിക്കുന്നത്. ഇതു തന്നെ വല്ലപ്പോഴുമെന്ന അവസ്ഥ.
മഴ പെയ്താല്‍ വെള്ളം മുഴുവനും ഒലിച്ചു പോകുന്ന ചെങ്കുത്തായ ഭൂമിയില്‍ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനെ കുറിച്ചായി പിന്നെ ചിന്ത. ഇതിനായി ആദ്യം കൃഷിഭൂമിക്ക് നടുവിലൂടെ വഴിവെട്ടി, തുടര്‍ന്ന് തട്ടുതട്ടുകളാക്കി തിരിച്ച് ഓരോ തട്ടിനും താഴെ അത്രയും നീളത്തില്‍ രണ്ടടി താഴ്ചയില്‍ വെള്ളം തടഞ്ഞ് നിര്‍ത്താനുള്ള കുഴി കുഴിച്ചു. ഈ കുഴിയിലേക്ക് നീര്‍ച്ചാലുകള്‍ തിരിച്ച് വിട്ടു, കുഴിയിലെ മണ്ണ് തട്ടിന് മുകളിലിട്ടതോടെ പ്രദേശത്ത് പെയ്യുന്ന മഴവെള്ളത്തില്‍ ഒരു തുള്ളി പോലും പുറത്തേക്ക് ഒഴുകി പോകാതെ അവിടം തന്നെ താഴുന്ന അവസ്ഥയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ വേനലിലായിരുന്നു വര്‍ഗീസ് പ്രത്യേക ട്രഞ്ചിംഗ് സംവിധാനം രൂപപ്പെടുത്തിയെടുത്തത്. താന്‍ രൂപപ്പെടുത്തിയെടുത്ത ട്രഞ്ചിംഗ് സംവിധാനം വഴി വരണ്ട കൃഷിസ്ഥലത്തിന് ഈര്‍പ്പം കൈവന്നതോടെ മറ്റു കാര്‍ഷിക വിളകളും വിളയിക്കാമെന്നായി.
മൂവായിരത്തോളം പൂവന്‍ ഇനത്തില്‍ പെട്ട വാഴകളും റോബസ്റ്റ് ഇനത്തില്‍ പെട്ട 150 വാഴകളും നട്ടു. ആദ്യം വെച്ച വാഴകളെല്ലാം കുലച്ച് അതിന്റെ വില്‍പ്പന കഴിഞ്ഞു. പ്രതിമാസം നാല്‍പ്പതിനായിരം രൂപയിലധികം വരുമാനം ഈ തോട്ടത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തേടിയെത്തിയ സര്‍ക്കാര്‍ ജോലി വേണ്ടെന്ന് വെക്കുമ്പോള്‍ ചില്ലറയൊന്നുമല്ല വീട്ടുകാരില്‍ നിന്ന് വര്‍ഗീസിന് പഴികേള്‍ക്കേണ്ടി വന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം യൂത്ത് ഫ്രണ്ട് സര്‍ഗവേദിയുടെ സംസ്ഥാന കണ്‍വീനറാണ് വര്‍ഗീസ്. സോഷ്യലിസ്റ്റ് ജനത തൃശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, കാഴ്ച തൃശൂരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, ഹരിതം തൃശൂരിന്റെ മികച്ച ജലസംരക്ഷണത്തിനുള്ള അവാര്‍ഡ്, കേരളാ കോണ്‍ഗ്രസ് കര്‍ഷക യൂനിയന്റെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് എന്നിവ വര്‍ഗീസിനെ തേടി ഇതിനോടകം എത്തിയിട്ടുണ്ട്.
വര്‍ഗീസ് തരകന്റെ കുറുമാല്‍ കുന്നിന് മുകളിലെ തോട്ടത്തില്‍ ചെയ്ത ട്രഞ്ചിംഗ് സംവിധാനം വഴി പ്രദേശത്തെ കിണറുകളിലെ ജലലഭ്യത കൂടിയതായി ജില്ലാ സോയില്‍ സര്‍വേ ഓഫീസര്‍ എം എ സുധീര്‍ ബാബു സാക്ഷ്യപ്പെടുത്തുന്നു. കുന്നിന്‍ ചെരുവുകളില്‍ ഇത്തരത്തിലുള്ള ട്രഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്തുകയാണെങ്കില്‍ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.