Connect with us

International

ഇറാഖിലെ സിന്‍ജാര്‍ പര്‍വതം വീണ്ടും ഇസില്‍ നിയന്ത്രണത്തില്‍

Published

|

Last Updated

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാനമായ സിന്‍ജാര്‍ പര്‍വതം വീണ്ടും ഇസില്‍ പിടിച്ചെടുത്തു. നേരത്തെ ഇസില്‍ തീവ്രവാദികളെ ഭയന്ന് പതിനായിരക്കണക്കിന് യസീദി വംശജര്‍ അഭയം തേടിയെത്തിയത് ഇവിടെയായിരുന്നു. പിന്നീട് കുര്‍ദ് സൈന്യത്തിന്റെ സഹായത്തോടെ സിറിയ വഴിയാണ് ഇവിടെ അകപ്പെട്ടവര്‍ രക്ഷപ്പെട്ടിരുന്നത്. അതേസമയം, പുതിയ നീക്കത്തില്‍ ഇസില്‍ സിറിയയിലേക്കുള്ള വഴികള്‍ മുഴുവന്‍ അടച്ചിരിക്കുകയാണ്.
യസീദി സംഘവുമായി പോരാടാന്‍ ഇസില്‍ തീവ്രവാദികള്‍ സിന്‍ജാര്‍ പര്‍വതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇസില്‍ ഇവിടെ നിന്ന് പിന്തിരിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സായുധ വാഹനങ്ങളുമായെത്തി മുന്നൂറിലധികം ഇസില്‍ തീവ്രവാദികള്‍ പ്രദേശത്ത് ആക്രമണം നടത്തുകയും ഇതിന് ശേഷം സിന്‍ജാര്‍ പര്‍വത നിര ലക്ഷ്യം വെച്ച് നീങ്ങുകയുമായിരുന്നു. ഇവര്‍ക്കെതിരെ കാര്യമായ പ്രത്യാക്രമണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
നിലവില്‍ സിന്‍ജാര്‍ പര്‍വതത്തില്‍ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ യസീദികള്‍ ഇവിടെ കുടുങ്ങിക്കിഴന്നപ്പോഴാണ് അമേരിക്ക വ്യോമാക്രമണവുമായി രംഗത്തെത്തിയിരുന്നത്. ശക്തമായ വ്യോമാക്രമണം തുടങ്ങിയതോടെ കുര്‍ദ് സൈന്യം ഇസിലിനെ ഇവിടെ നിന്ന് തുരത്തുകയും ചെയ്തിരുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആഴ്ചകള്‍ നീണ്ട പോരാട്ടം നടത്തിയിട്ടും ഇസിലിനെ അതൊന്നും ബാധിച്ചിട്ടില്ല. മാത്രമല്ല, കൂടൂതല്‍ പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കുകയും ചെയ്യുന്നു. ഇറാഖിലും സിറിയയിലും ഇടപെടാനുള്ള അമേരിക്കയുടെ തന്നെ കുതന്ത്രമാണ് ഇസില്‍ എന്നും നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest