Connect with us

Malappuram

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ജില്ലയില്‍ വെയര്‍ഹൗസ് തുറക്കും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ നിര്‍ധന രോഗികള്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വെയര്‍ഹൗസ് തുറക്കുന്നു.
കേരള സ്റ്റേറ്റ് റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ മഞ്ചേരിയിലാണ് വിശാലമായ വെയര്‍ ഹൗസ് വരുന്നത്. മരുന്നു കമ്പനിയില്‍ നിന്നും നേരിട്ട് മരുന്ന് വാങ്ങി ചില്ലറ വ്യാപാരികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കച്ചവടത്തില്‍ ഇടനിലക്കാരെ ഒഴിവാക്കി രോഗികള്‍ക്ക് ഇരുപത് ശതമാനം വരെ കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കാനാകുമെന്നാണിതിലെ പ്രത്യേകത. ജില്ലയിലെ 150 ഓളം റീട്ടെയില്‍ വ്യാപാരികള്‍ വെയര്‍ഹൗസില്‍ ഇതിനകം ഓഹരിയെടുത്തിട്ടുണ്ട്. വ്യാപാരികള്‍ക്ക് കൂടി പങ്കാളിത്തമുള്ള സൊസൈറ്റികള്‍ വഴി മരുന്നു വിതരണത്തിലെ ചൂഷണവും വിലക്കയറ്റവും നിയന്ത്രിക്കാനാകുമെന്ന സര്‍ക്കാറിന്റെ തീരുമാന പ്രകാരമാണ് വെയര്‍ഹൗസുകള്‍ സംസ്ഥാനത്ത് തുടങ്ങിയത്. ഓഹരിക്കനുസരിച്ച് പരമാവധി 25 ശതമാനം വരെ ലാഭവിഹിതം ഓരോ അംഗത്തിനും ലഭിക്കും.
കച്ചവടക്കാര്‍ക്ക് മെഡിക്കല്‍ ഷോപ്പുകള്‍ നവീകരിക്കുന്നതിനും ഔഷധ വ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്നതിനും വായ്പകള്‍ നല്‍കുമെന്നും സൊസൈറ്റി വാഗ്ദാനം ചെയ്യുന്നു. മെമ്പര്‍മാരുടെ ക്ഷേമത്തിനായി ക്ഷേമനിധിയും ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയും സൊസൈറ്റി നിര്‍വഹിക്കും.
വെയര്‍ഹൗസില്‍ ഓരോഹരിക്ക് 2500 രൂപയാണ് വില. സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് 160 കോടി രൂപ വരെ ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പയെടുക്കാന്‍ സ്റ്റേറ്റ് സൊസൈറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എ ബി സി എന്നീ കാറ്റഗറികളിലാണ് മെമ്പര്‍മാരെ നിര്‍ണയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 14000 ചില്ലറ വ്യാപാരികളാണുള്ളത്. മരുന്നു നിര്‍മാണത്തിനും സ്റ്റേറ്റ് സൊസൈറ്റിക്ക് പരിപാടിയുണ്ട്. മഞ്ചേരിയിലെ ഡോക്ടേഴ്‌സ് കോളനിയില്‍ എ ആര്‍ ഇ എം സി ഒ എസ്‌ന്റെ വെയര്‍ഹൗസിന് ആയി ഏറ്റെടുത്ത സ്ഥലത്ത് സംസ്ഥാന മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് യോഗം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി പുരുഷോത്തമന്‍, ചെനക്കല്‍ കുഞ്ഞാപ്പു, വി ഗോപാലകൃഷ്ണന്‍, സക്കീര്‍ തയ്യില്‍ സംബന്ധിച്ചു.