മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു : ഡോ. സെബാസ്റ്റ്യന്‍ പോള്‍

Posted on: October 21, 2014 12:06 am | Last updated: October 21, 2014 at 12:06 am

തൃശൂര്‍: ഇന്നത്തെ കാലത്തെ മാധ്യമ പ്രവര്‍ത്തനം മൂലധനശക്തികളുടെ ഇഛയ്ക്കനുസരിച്ചുള്ളതായി മാറിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
സദസ്സ് സാഹിത്യ വേദി സംഘടിപ്പിച്ച മാധ്യമങ്ങളും അധികാര കേന്ദ്രങ്ങളും എന്ന വിഷയത്തില്‍ കാക്കനാടന്‍ സ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ പ്രധാനമന്ത്രിയെവരെ വിമര്‍ശിക്കുന്നുണ്ട്. അങ്ങനെ പല അഴിമതിക്കഥകളും ജനങ്ങള്‍ അറിയുന്നുമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കാന്‍ മടിക്കുന്ന ഒരു വിഭാഗം സ്വകാര്യ മൂലധനത്തിന്റെ ഉടമകളായ കോര്‍പറേറ്റുകളാണ്. കോര്‍പറേറ്റുകളെ മാധ്യമങ്ങള്‍ ഭയക്കുന്നു. അത് ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും പണുള്ളവനോടുള്ള ഭയം നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇന്ന് ഏറെയാണ്. ദേശീയ തലത്തില്‍ അംബാനിയോ അല്ലെങ്കില്‍ അദ്വാനിയോ ആയിരിക്കാം. ഇവിടെ വരുമ്പോള്‍ തുണിക്കച്ചവടക്കാരും സ്വര്‍ണ്ണക്കച്ചവടക്കാരും ആ കോര്‍പേറേറ്റ് മേഖലയുടെ ഭാഗം തന്നെയാണ്. ഇവരോട് ഏറ്റുമുട്ടുന്നതിനോ അവരുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതിനോ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ഇ സന്തോഷ് കുമാറിന്റെ അന്ധകാരനഴി എന്ന നോവല്‍ ചര്‍ച്ച ചെയ്തു. രഘുനാഥന്‍ പറളി നോവല്‍ പരിചയപ്പെടുത്തി. ഡോ. ജോയ് പോള്‍, പി എന്‍ പ്രൊവിന്റ്, ധനഞ്ജയന്‍ മച്ചിങ്ങല്‍, ജോയ് ജോസഫ്, ആല്‍ബിന്‍, രാഹുല്‍ ആര്‍ ശര്‍മ, എന്‍ മൂസക്കുട്ടി, ജേക്കബ് ബെഞ്ചമിന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കഥാകൃത്ത് ഇ സന്തോഷ്‌കുമാര്‍ മറുപടി പറഞ്ഞു.