Connect with us

International

മുന്‍ ഇസ്‌റാഈല്‍ പ്രധാന മന്ത്രിയെ തട്ടിക്കൊണ്ടുപോകാന്‍ സദ്ദാം പദ്ധതിയിട്ടിരുന്നുവെന്ന്

Published

|

Last Updated

ജറുസലം: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ മുന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി മെനാചം ബെഗിനിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമം നടത്തയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 1981ല്‍ ഇറാഖിലെ ആണവ കേന്ദ്രത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഇങ്ങനെയൊരു ശ്രമം അദ്ദേഹം നടത്തിയിരുന്നതെന്ന് ഖുദ്‌സ് അല്‍ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സദ്ദാം ഹുസൈന്റെ അറ്റോര്‍ണിയായിരുന്ന ബാദി ആരിഫിന്റെ അടുത്ത് പുറത്താനിരിക്കുന്ന ഓര്‍മക്കുറിപ്പിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
അക്കാലത്തെ ഇറാഖി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയില്‍ നിന്നാണ് താന്‍ ഈ രഹസ്യം അറിഞ്ഞതെന്ന് ബാദി പുസ്തകത്തില്‍ പറയുന്നു. ബെഗിനിനെ തട്ടിക്കൊണ്ടുവന്ന് ബാഗ്ദാദിലെത്തിക്കാന്‍ ഏതാനും ഫലസ്തീനികളെയാണത്രേ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് ഒരു പാശ്ചാത്യന്‍ നേതാവ് ആവശ്യപ്പെട്ട പ്രകാരം പിന്നീട് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും പുസ്തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തുന്നു.
1981 ജൂണ്‍ ഏഴിനാണ് ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങള്‍ ഇറാഖിലെ ഒസിറാകിലുള്ള നിര്‍മാണം നടന്നുകൊണ്ടിരുന്ന ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കേന്ദ്രം പൂര്‍ണമായും തകര്‍ന്നിരുന്നു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ വെച്ചല്ല ഈ ആണവ കേന്ദ്രത്തിന്റെ നിര്‍മാണം നടത്തിയതിരുന്നതെന്ന് ഇറാഖ് വ്യക്തമാക്കിയതോടെ ഇസ്‌റാഈലിനെതിരെ ലോകവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.