Connect with us

Malappuram

മുസ്‌ലിംലീഗ് - സി പി എം സഹകരണത്തോടെ പോരൂരില്‍ എന്‍ സി പി അംഗം പഞ്ചായത്ത് പ്രസിഡന്റ്

Published

|

Last Updated

വണ്ടൂര്‍: സംസ്ഥാന തലത്തില്‍ രാഷ്ട്രീയമായി ശത്രുത പുലര്‍ത്തുന്ന മുസ്‌ലിംലീഗും സി പിഎ മ്മും ശത്രുതകള്‍ മറന്ന് സഹകരിച്ചതോടെ പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ എന്‍ സി പി അംഗം പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്തില്‍ ഒരു സീറ്റ് മാത്രമുള്ള എന്‍ സി പിയിലെ മുംതാസ് കരീമാണ് പുതിയ പ്രസിഡന്റ്.
ഇന്നലെ നടന്ന രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെയും മുസ്‌ലിംലീഗിലെയും അംഗങ്ങള്‍ എന്‍ സി പി അംഗത്തെ പിന്തുണക്കുകയായിരുന്നു. പഞ്ചായത്തിലെ ലീഗ്-കോണ്‍ഗ്രസ് ചേരിപ്പോരാണ് സി പി എമ്മിനെ പിന്തുണക്കുന്നതിലേക്ക് മുസ്‌ലിംലീഗിനെ നയിച്ചത്. 2010ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇവിടെ മുസ്‌ലിംലീഗും സി പി എമ്മും സഖ്യത്തിലെത്തിയിരുന്നു.
മുസ്‌ലിംലീഗ് സഹകരണത്തോടെ ഇവിടെ സി പി എം ഭരണം നടത്തിയിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നെങ്കിലും വീണ്ടും ഇത്തരത്തിലുള്ള കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ ശത്രുപക്ഷത്തുള്ള മുസ്‌ലിംലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയത് സി പി എമ്മില്‍ വിവാദമായതിനെ തുടര്‍ന്നാണ് പ്രത്യക്ഷത്തില്‍ സഖ്യമുണ്ടാക്കാതെ എല്‍ ഡി എഫിന് പിന്തുണ നല്‍കുന്ന എന്‍ സി പി അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പഞ്ചായത്തില്‍ ആകെ 17 വാര്‍ഡുകളാണുള്ളത്. കോണ്‍ഗ്രസ് (ഏഴ്), മുസ്‌ലിം ലീഗ് (മൂന്ന്), സി പി എം (അഞ്ച്), എന്‍ സി പി (ഒന്ന്), സ്വതന്ത്രന്‍ (ഒന്ന്) എന്നിങ്ങനെയാണ് കക്ഷിനില. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ മുംതാസ് കരീം ഏഴിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ എന്‍ എം ബശീറിനെ പരാജയപ്പെടുത്തിയത്. സി പി എമ്മിലെ സിപി ഉണ്ണിചാത്തനാണ് മുംതാസിന്റെ പേര് നിര്‍ദേശിച്ചത്. സി പി എം അംഗം യുസി നന്ദകുമാര്‍ പിന്താങ്ങി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ എന്‍ എം ശങ്കരന്‍ നമ്പൂതിരിയാണ് കോണ്‍ഗ്രസ് പ്രതിനിധിയായ എന്‍എം ബശീറിന്റ പേര് നിര്‍ദേശിച്ചത്. കെ കെ വിജയരാജന്‍ പിന്‍താങ്ങി. എല്‍ ഡി എഫിന്റെ ആറ് അംഗങ്ങളോടൊപ്പം ലീഗിന്റെ മൂന്ന് അംഗങ്ങളും മുംതാസിന് അനുകൂലമായി വോട്ട് രേഖപെടുത്തി. സ്വതന്ത്രനായിരുന്ന ശിവശങ്കരന്‍ വോട്ടെടുപ്പിനെത്തിയിരുന്നില്ല. അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിന് നല്‍കാമെന്ന ധാരണ പാലിച്ചില്ലെന്നു പറഞ്ഞാണ് ഇവര്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച് മുന്നണിവിട്ടത്. ഇതു മുതലെടുത്ത് ആറ് അംഗങ്ങളുള്ള എല്‍ ഡി എഫ് അവിശ്വാസപ്രമേയാനുമതി തേടിയതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശങ്കരന്‍ നമ്പൂതിരി രാജിവെച്ചത്. കഴിഞ്ഞആഴ്ച കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് മുസ്‌ലിംലീഗും, എല്‍ ഡി എഫും ഒന്നിച്ചു വിട്ടുനിന്നതോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.
ജില്ലയില്‍ എന്‍ സി പിയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ്
വണ്ടൂര്‍: ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി എന്‍ സി പിക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി. പോരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗമായ മുംതാസ്‌കരീമാണ് ഈ പദവിയിലെത്തുന്ന ആദ്യ എന്‍ സി പി അംഗം. സി പിഎമ്മിന്റെയും മുസ്‌ലിംലീഗിന്റെയും സഹകരണത്തോടെയാണ് ഇവിടെ എന്‍സി പി പ്രസിഡന്റ് പദവിയിലെത്തിയത്. നിലവില്‍ സംസ്ഥാനത്ത് എന്‍സിപി ഭരിക്കുന്ന ഏക പഞ്ചായത്തും പോരൂര്‍ ആണ്. അതെസമയം പോരൂരിലെ മുന്നണി സംവിധാനത്തിലെ ഭിന്നത യു ഡി എഫ് നേതാക്കള്‍ക്കും തലവേദനയാകുകയാണ്. ജില്ലയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞിയുടെ നാടാണ് പോരൂര്‍.
പഞ്ചായത്ത് ഭരണത്തിന്റെ അവസാന വര്‍ഷം മുസ്‌ലിംലീഗിന് നല്‍കാമെന്ന ധാരണ പാലിച്ചില്ലെന്ന് പറഞ്ഞാണ് ഇവിടെ മുസ്‌ലിംലീഗ് യു ഡി എഫ് സംവിധാനം അവസാനിപ്പിച്ചത്. തുടര്‍ന്ന് സി പി എം അവിശ്വാസപ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായ എന്‍ എം ശങ്കരന്‍ നമ്പൂതിരി പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.
പോരൂര്‍ നീലേങ്ങാടന്‍ കുടുംബത്തിലെ രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇവിടെ യു ഡി എഫില്‍ ഭിന്നത രൂപപ്പെടാനുള്ള യഥാര്‍ഥ കാരണം. മുസ്‌ലിംലീഗ് അംഗമായ നീലേങ്ങാടന്‍ മുഹമ്മദ് നസീമിനെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അംഗമായ നീലേങ്ങാടന്‍ ബശീര്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുവരും പിതൃസഹോദര പുത്രന്മാര്‍കൂടിയാണ്.
എന്നാല്‍ മന്ത്രി എ പി അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിച്ചിട്ടില്ല. സി പി എമ്മുമായി സഹകരിച്ച് ഭരിക്കുന്ന അപൂര്‍വ്വം പഞ്ചായത്തുകളിലൊന്നാണ് പോരൂര്‍. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇവിടെ സി പി എമ്മും മുസ്‌ലിംലീഗും സഹകരിച്ചാണ് ഭരണം നടത്തിയത്.