Connect with us

Kozhikode

വിഷന്‍ 20: കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശനം ഒരുക്കുന്നു

Published

|

Last Updated

കോഴിക്കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച “വിഷന്‍ 20” പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട്ട് വിപുലമായ കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശനം ഒരുക്കുന്നു. ജനുവരി 16 മുതല്‍ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന 10 ദിവസത്തെ പ്രദര്‍ശനത്തില്‍ കൃഷി ഫാമുകളടക്കമുള്ള കാര്‍ഷികോത്പാദന സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും വ്യവസായ മാനേജ്‌മെന്റ് സ്ഥാപനങ്ങളും കൈകോര്‍ക്കും. ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് കാനത്തില്‍ ജമീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗം പ്രദര്‍ശനത്തിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
അടുത്ത അഞ്ച് വര്‍ഷക്കാലം ജില്ലയുടെ കാര്‍ഷിക വ്യാവസായിക മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം. ജില്ലാ പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റ്, കൃഷി ഫാമുകള്‍, പൗള്‍ട്രി ഫാം, സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവ വിപുലീകരിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. കര്‍ഷകരുടേതടക്കം പ്രമുഖ സ്ഥാപങ്ങളുടെയും നൂറിലധികം സ്റ്റാളുകള്‍ മേളയിലുണ്ടാകും.
വിവിധ ഭക്ഷ്യവിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ, കാര്‍ഷികോപകരങ്ങളുടെ പ്രദര്‍ശനം എന്നിവ മേളയുടെ പ്രത്യേകതയായിരിക്കും. ഒപ്പം വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, വി എച്ച് എസ് സി യൂനിറ്റുകളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ജോബ് ഫെസ്റ്റ്, കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഐ ഐ എം, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ അക്കാദമിക് പണ്ഡിതരും വ്യവസായ വിദഗ്ധരും മേളയിലെത്തും.

---- facebook comment plugin here -----

Latest