Connect with us

International

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ പിന്തുണ

Published

|

Last Updated

ലണ്ടന്‍: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ പ്രതീകാത്മക പിന്തുണ. പാര്‍ലിമെന്റില്‍ നടന്ന പ്രതീകാത്മക വോട്ടെടുപ്പില്‍ സ്വതന്ത്ര ഫലസ്തീനെ അനുകൂലിച്ചാണ് ഭൂരിഭാഗം എം പിമാരും വോട്ടു രേഖപ്പെടുത്തിയത്. സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്‍ ജനതയുടെ ദീര്‍ഘകാലമായുള്ള ലക്ഷ്യത്തിന് അന്താരാഷ്ട്ര പിന്തുണയേറുന്നതായാണ് ഇത് കാണിക്കുന്നത്. പാര്‍ലിമെന്റില്‍ എം പിമാര്‍ അനുകൂലമായി വോട്ടുചെയ്‌തെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. നിലവില്‍ ഫലസ്തീനെ ഒരു രാഷ്ട്രമായി ബ്രിട്ടന്‍ അംഗീകരിക്കുന്നില്ലെങ്കിലും ഇസ്‌റാഈലിനും ഫലസ്തീനും ഇടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ നീക്കം സഹായിക്കുമെങ്കില്‍ ഇതിനെ പിന്തുണക്കാന്‍ ബ്രിട്ടന്‍ തയ്യാറായേക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വോട്ടെടുപ്പിന് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വോട്ടെടുപ്പ് ഫലം എന്തായാലും അത് തങ്ങളുടെ അന്താരാഷ്ട്ര അജന്‍ഡകളെ ബാധിക്കില്ലെന്ന് ഡേവിഡ് കാമറൂണിന്റെ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഫലസ്തീന്‍ നേതാക്കള്‍ ഈ വോട്ടെടുപ്പിനെ വീക്ഷിച്ചിരുന്നത്. അതുപോലെ ഇസ്‌റാഈല്‍ ആശങ്കയോടെയുമാണ് വോട്ടെടുപ്പിനെ കണ്ടിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന പുതിയ വാര്‍ത്തകള്‍ ഫലസ്തീനികള്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നുണ്ട്. വോട്ടെടുപ്പ് ഫലം അനൂകുലമായതിനാല്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ മുമ്പാകെ തങ്ങളുടെ ആവശ്യം മുന്നോട്ടുവെക്കാന്‍ ഇത് ഫലസ്തീന് ശക്തിപകരും.
274 എം പിമാര്‍ സ്വതന്ത്ര ഫലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇസ്‌റാഈലിനോട് ചേര്‍ന്ന് ഫലസ്തീന്‍ എന്ന രാഷ്ട്രം വേണമെന്നാണ് ഈ പാര്‍ലിമെന്റ് ആവശ്യപ്പെടുന്നതെന്ന് ഫലം പുറത്തുവന്ന ശേഷം പാര്‍ലിമെന്റ് വക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇസ്‌റാഈലിന്റെയും അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന 23 വര്‍ഷം നീണ്ടുനിന്ന നയതന്ത്ര നീക്കങ്ങളുടെയും നിയമസാധുതയാണ് ഈ വോട്ടെടുപ്പ് ചോദ്യം ചെയ്യുന്നതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോളിസി സ്റ്റഡീസിലെ ഫിലിസ് ബെന്നിസ് ചൂണ്ടിക്കാട്ടി.
നേരത്തെ യൂറോപ്യന്‍ യൂനിയനില്‍ അംഗമായ സ്വീഡന്‍ സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളില്‍ നിന്ന് ആദ്യമായി രംഗത്തുവന്നത് സ്വീഡനായിരുന്നു. ഇതിനെ ഇസ്‌റാഈല്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.