Connect with us

Gulf

ജൈറ്റെക്‌സില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശ്രദ്ധേയം

Published

|

Last Updated

ദുബൈ: ജൈറ്റെക്‌സ് ടെക്‌നോളജി വീക്കില്‍ യു എ ഇ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നു. ആഭ്യന്തര മന്ത്രാലയം, ദുബൈ നഗരസഭ, താമസ കുടിയേറ്റ വകുപ്പ് തുടങ്ങിയവ നൂതന സാങ്കേതിക വിദ്യകളുമായാണ് രംഗത്തുള്ളത്.
ദുബൈ എം ഗവണ്‍മെന്റിന്റെ ദ് ട്രസ്റ്റഡ് സെക്യൂരിറ്റി മാനേജര്‍ (ടിഎസ്എം) വിഭാഗം നാഷനല്‍ സ്മാര്‍ട്ട് വാലറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. മൊബൈല്‍ മേഖലയിലാണ് ടിഎസ് എം പ്രധാന പങ്കുവഹിക്കുക. വ്യവസായരംഗത്തെ വിവരങ്ങള്‍ കൈമാറുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ടിഎസ്എം സഹായിക്കും.
യുഎഇയിലെത്തുന്ന സന്ദര്‍ശകന് നാഷനല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്ന ആപും ഗുണകരമാകും. വിമാനത്താവളങ്ങള്‍, പൊതുഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടല്‍ മുറികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. എമിറേറ്റ്‌സ് ഐഡി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ), ഇ ദിര്‍ഹം സേവനങ്ങള്‍, യു എ ഇ ബേങ്ക്‌സ് ഫെഡറേഷന്‍ എന്നിവയെക്കുറിച്ചും മനസ്സിലാക്കാമെന്ന് യുഎഇ എം ഗവണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു.
ദുബൈയുടെ പൊതുഗതാഗതം സുഗമമാക്കുന്നതിനായുള്ള പുതിയ ആപ്പുകള്‍ ആര്‍ ടി എ പുറത്തിറക്കി. റോഡുകളിലെ ട്രാഫിക് തിരക്കും മറ്റും യാത്രക്കാരെ മുന്‍കൂട്ടി സ്മാര്‍ട്ട് ഫോണ്‍ വഴി അറിയിക്കുന്ന സ്മാര്‍ട്ട് റോഡ്‌സ് ആപ്, പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് പാര്‍ക്കിങ് ആപ്, പൊതു ഗതാഗതത്തിനുള്ള പണമടയ്ക്കാന്‍ നോള്‍ സ്മാര്‍ട്ട് പോസ്‌റ്റേഴ്‌സ് എന്നിവയും അവതരിപ്പിച്ചു.
ദുബൈ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ മുതല്‍ ബോര്‍ഡിംഗ്‌വരെ ഓരോ യാത്രക്കാരനും വഴികാട്ടിയായി ദുബൈ എയര്‍പോര്‍ട്‌സ് ആപ് ദുബൈ എയര്‍പോര്‍ട്‌സ് രംഗത്തിറക്കി. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ആപ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വിമാനത്താവളത്തില്‍ യാത്രക്കാരനുവേണ്ട എല്ലാ വിവരങ്ങളും ഈ ആപ് വഴി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ (ഡിഡബ്ല്യുസി) അല്‍ മക്തൂം ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ് വിഭാവനം ചെയ്തിരിക്കുന്നത്.
സര്‍വീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍, ഗേറ്റ് മാറ്റങ്ങള്‍, ബോര്‍ഡിംഗ് സമയമാറ്റം തുടങ്ങിയവ മനസിലാക്കാനാകും. വിമാന സമയക്രമവും മറ്റും വിശദമായി അറിയാന്‍ “ഫ്‌ളൈറ്റ് റഡാര്‍ 24, വിമാനത്താവളത്തിലെ ഭക്ഷ്യശാലകള്‍, റീട്ടെയ്ല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു വിവരം ലഭിക്കാന്‍ “3-ഡി എയര്‍പോര്‍ട്ട് മാപ് തുടങ്ങിയവയും ആപ്പില്‍ ലഭ്യം. കേരള സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലും പവലിയനുണ്ട്. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു.