Connect with us

Gulf

ആര്‍ ടി എ ഡ്രോണുകള്‍ വ്യാപകമാക്കും

Published

|

Last Updated

ദുബൈ: ഗതാഗത പദ്ധതികള്‍ വീക്ഷിക്കാന്‍ ആര്‍ ടി എ ഡ്രോണുകള്‍ രംഗത്തിറക്കി. മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ നിരീക്ഷണം എളുപ്പമാക്കാന്‍ ഡ്രോണുകള്‍ സഹായകമാകുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) സി ഇ ഒ അബ്ദുല്ല അല്‍ മദനി പറഞ്ഞു. ജുമൈറ ബീച്ച് വാക്ക്വേ, ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി ഈയിടെ ഡ്രോണുകളെ അയച്ചിരുന്നു. പദ്ധതി പ്രദേശങ്ങളുടെ സമഗ്രമായ കാഴ്ച ലഭ്യമാക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുന്നതിനും ഡ്രോണുകള്‍ സഹായകമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കല്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് പദ്ധതി.
കീഴ്പാലങ്ങളുടെ അടിവശങ്ങള്‍, മെട്രോ സ്റ്റേഷനുകളുടെ മുകള്‍ഭാഗം തുടങ്ങിയവ നിരീക്ഷിക്കും. ഇതുവഴി ആവശ്യമായ അറ്റകുറ്റപ്പണികള്‍ തീരുമാനിക്കാനാകും. റോഡുകളില്‍ ഗതാഗതക്കുരുക്കുകളോ അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടെങ്കില്‍ അവ നിരീക്ഷിക്കുന്നതിനും ഏതൊക്കെ മേഖലകളെ പ്രശ്‌നം ബാധിക്കുമെന്ന് മനസ്സിലാക്കാനും ഡ്രോണുകള്‍ മുഖേന കഴിയും.
ദുബൈ സ്ട്രാറ്റജിക് പ്ലാനിന്റെ സുപ്രധാന ലക്ഷ്യങ്ങളായ സ്മാര്‍ട്ട് ദുബൈ, ആര്‍.ടി.എ. എക്‌സലന്‍സ് എന്നിവയിലേക്കുള്ള മുന്നേറ്റത്തില്‍ ഡ്രോണ്‍ സേവനം നിര്‍ണായകമാണെന്നും അബ്ദുല്ല അല്‍ മദനി പറഞ്ഞു.