കൊടിയത്തൂര്‍ ശഹീദ് ബാവ വധക്കേസ്: ഒന്‍പത് പേര്‍ കുറ്റക്കാര്‍

Posted on: October 8, 2014 11:22 am | Last updated: October 8, 2014 at 10:41 pm

law-litigaകോഴിക്കോട്: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രമാദമായ കൊടിയത്തൂര്‍ ചുള്ളിക്കാപറമ്പ് തേലേരി വീട്ടില്‍ ശഹീദ് ബാവ വധക്കേസില്‍ ഒന്‍പത് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 5 പേരെ വെറുതെവിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജ് എസ് കൃഷ്ണകുമാറിന്റേതാണ് വിധി.

2011 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊടിയത്തൂരിലെ ഒരു വീടിന് സമീപത്തുവെച്ച് രാത്രി പന്ത്രണ്ടോടെ ഒരു സംഘം ആളുകള്‍ ശഹീദ് ബാവയെ മര്‍ദിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കൊടിയത്തൂരില്‍ യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ അസമയങ്ങളില്‍ ശഹീദ് ബാവ സന്ദര്‍ശിക്കാറുണ്ടെന്നൊരോപിച്ചാണ് ഇയാള്‍ക്ക് മര്‍ദനമേറ്റതെന്നാണ് കുറ്റപത്രത്തിലുള്ളത്. രണ്ടാം പ്രതി ഓട്ടോറിക്ഷാ ഡ്രൈവര്‍ കോട്ടമ്മല്‍ നാസറാണ് സംഭവ ദിവസം ഷഹീദ് ബാവയെ യുവതിയുടെ വീട്ടിന് മുന്നില്‍ കൊണ്ടുവിട്ടത്. തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചതനുസരിച്ച് മറ്റുള്ളവര്‍ സംഘം ചേര്‍ന്നെത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 51 മുറിവുകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. തലക്കേറ്റ പരുക്കായിരുന്നു മരണ കാരണം.