Connect with us

National

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ലെന്ന് ശിവസേന അംഗം

Published

|

Last Updated

ananth geetheന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കില്ലെന്ന് ശിവസേന അംഗവും കേന്ദ്ര ഘനവ്യവസായ മന്ത്രിയുമായ അനന്ത് ഗീതെ. മഹാരാഷ്ട്രയിലെ നിയമസഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി ജെ പി ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ നിന്നു തങ്ങളുടെ പ്രതിനിധി രാജിവയ്ക്കുമെന്ന ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് അനന്ത് ഗീതെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് ശിവസേനയുമായി ചേര്‍ന്നാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള 42 എം പിമാരും കൂടി ചേര്‍ന്നതാണ് എന്‍ ഡി എ സര്‍ക്കാര്‍. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്ക് പ്രത്യേക പങ്കുണ്ട്. ബി ജെ പിയുമായുള്ള സഖ്യം കേന്ദ്രത്തില്‍ തുടരും. അതിനാല്‍ രാജിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. എന്‍ ഡി എ സഖ്യത്തില്‍ തുടരുമെന്നു തന്നെയാണ് ഉദ്ദവ് താക്കറെ പറഞ്ഞതെന്നും അനന്ത് ഗീതെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ തന്റെ നിലപാട് തിരുത്തി ഉദ്ദവ് താക്കറെയും രംഗത്തെത്തി. ഒരു ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് ശിവസേന അധ്യക്ഷന്‍ മലക്കം മറിഞ്ഞത്. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിയാലോചന നടത്തിയതിനു ശേഷം മാത്രമേ കേന്ദ്രമന്ത്രിസഭയില്‍ നിന്നു ശിവസേന അംഗത്തെ പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ഉദ്ദവ് താക്കറെ അറിയിച്ചു. നരേന്ദ്ര മോദി മടങ്ങിയെത്തുന്നതിനു പിന്നാലെ അനന്ത് ഗീതെ രാജിക്കത്ത് കൈമാറുമെന്നായിരുന്നു ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നത്.