Connect with us

National

ജയലളിതയെ ജയിലിലടച്ച സംഭവം: ആത്മഹത്യയുള്‍പ്പെടെ 16 മരണം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ജയിലിലടച്ച സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുള്‍പ്പെടെ 16 പേര്‍ മരിച്ചു. രണ്ട് പേരെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. ഒരു എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ സ്വയം തീക്കൊളുത്തി മരിച്ചു. മറ്റൊരാള്‍ ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടിയാണ് ജീവന്‍ അവസാനിപ്പിച്ചത്. വിഷം കഴിച്ച് മറ്റൊരു പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഹൃദയസ്തംഭനം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 12ാം ക്ലാസ് വിദ്യാര്‍ഥിയുള്‍പ്പെടെയുള്ള രണ്ട് പേര്‍ തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതായും ഇവരെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറയുന്നു. ജയലളിതയെ ജയിലിലിടച്ചതിന്റെ ദുഃഖം താങ്ങാനാകാതെ മറ്റൊരു എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ തന്റെ ചെറുവിരല്‍ മുറിച്ചു കളഞ്ഞു. തിരുപ്പൂരിലാണ് സംഭവം.
കുറച്ചുമുമ്പ് ജയലളിതക്കെതിരെ ഒരു വെബ്‌സൈറ്റില്‍ മോശമായ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ വാര്‍ത്തയറിഞ്ഞ ജയലളിത, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആരും ഏര്‍പ്പെടരുതെന്നും ആത്മഹത്യ ഭീരുക്കളുടെ പ്രവര്‍ത്തിയാണെന്നും അന്ന് ഓര്‍മപ്പെടുത്തിയിരുന്നു.
ഇത്തരം നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിതയോടുള്ള സ്‌നേഹമാണ് കാണിക്കുന്നതെന്നും അതേസമയം ആരും ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണക്കരുതെന്നും പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 16,600 ആണ്. ഇന്ത്യയില്‍ രണ്ടാം സ്ഥാനമാണിത്. മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍.