Connect with us

Wayanad

ആനക്കൊമ്പ് കേസ്: അന്വേഷണം ബേഗൂര്‍ റേഞ്ചിന് കൈമാറി

Published

|

Last Updated

മാനന്തവാടി: വില്‍പ്പനക്കിടയില്‍ ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ കേസന്വേഷണം ബേഗൂര്‍ റേഞ്ചിന് കൈമാറി. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ കോടതിയാണ് അന്വേഷണം ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ ജി അഭിലാഷിന് കൈമാറിയത്. മേപ്പാടി റെയിഞ്ച് ഓഫീസര്‍ സി പി അനീഷ് നല്‍കിയ അപേക്ഷ ഒന്നാമതായി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഈ മാസം 14നാണ് കല്‍പ്പറ്റ ബൈപ്പാസില്‍വെച്ച് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനടയില്‍ പിടിയിലായത്.സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ദമ്പതികളും സഹായിയും പിടിയിലായിരുന്നു. കേസില്‍ പ്രതികളായ കാട്ടിക്കുളം കാളിക്കൊല്ലി ഗോപാലന്‍, കാവുമന്ദം സ്വദേശി വെള്ളന്‍, പൊലീസ് ഫോറന്‍സിക് വിഭാഗം ഡ്രൈവര്‍ ജംഷീര്‍, അജ്‌നാസ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.ആനയുടെ മസ്തിഷ്‌കം കണ്ടെത്തിയത് ബേഗൂര്‍ റെയിഞ്ചില്‍പ്പെട്ട കാളിക്കൊല്ലി റിസര്‍വ്വ് വനത്തിലാണെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്.
മസ്തിഷ്‌കത്തിന്റേയും കൊമ്പിന്റേയും ശാസ്ത്രീയ പരിശോധനാ ഫലം വന്നാല്‍ മാത്രമേ കാളിക്കൊല്ലിയില്‍ കണ്ടെത്തിയ അവശിഷ്ടവും കൊമ്പും തമ്മിലുള്ള ബന്ധം വ്യക്തമാകുകയുള്ളൂ.തികച്ചും ശാസ്ത്രീയമായ രീതിയില്‍ അന്വേഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
മസ്തിഷ്‌കത്തിന്റേയും കൊമ്പിന്റേയും പരിശോധന പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ നടന്നു വരികയാണ്. പ്രതികളുമായി വനം വകുപ്പ് കാളിക്കൊല്ലി വനത്തില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് പിടികൂടിയ ബൈക്കുള്‍പ്പെടെയുള്ള നാല് വാഹനങ്ങള്‍ അടുത്ത് തന്നെ ബേഗൂര്‍ റെയിഞ്ചിലേക്ക് മാറ്റും. ഫയലുകള്‍ ലഭിച്ചാലുടന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ബേഗൂര്‍ റേഞ്ച് ഓഫീസര്‍ ജി അഭിലാഷ് പറഞ്ഞു.