Connect with us

Articles

നിലനില്‍പ്പ്' സമരം

Published

|

Last Updated

ബസ്സില്‍ സീറ്റ് കിട്ടിയില്ല. കമ്പി പിടിച്ച് നില്‍പ്പാണ്. ഒന്ന് രണ്ട് ബസ്സില്ല, അതു കൊണ്ടാവാം വലിയ തിരക്ക്. ഇനി നാട്ടിലെത്തുന്നത് വരെ നില്‍പ്പ്. കമ്പി പിടിച്ചും തൂണ് ചാരിയും ഒറ്റക്കാലില്‍ നിന്നും അങ്ങ് കഴിച്ചു കൂട്ടുക തന്നെ.
ബസ്സില്‍ കേറാനാണ് പാട്. ഉന്തിയും തള്ളിയും മറ്റവനെ ചവിട്ടിയും കുത്തിയും ഒരു യുദ്ധം തന്നെ. അര മണിക്കൂര്‍ യാത്രക്ക് വേണ്ടിയാണ് ഈ സാഹസമൊക്കെ. അഞ്ച് കൊല്ലത്തേക്ക് സീറ്റ് കിട്ടാന്‍ മത്സരിക്കുന്ന നേതാക്കളെ കുറ്റം പറയാനാകില്ല. തലസ്ഥാനത്തു പോയും ആസ്ഥാനത്ത് പോയും സീറ്റ് ഒപ്പിക്കുന്നവര്‍ അഞ്ച് വര്‍ഷത്തെ യാത്രയാണ് മനസ്സില്‍ കാണുന്നത്.
തിരുവനന്തപുരത്ത് ആദിവാസികള്‍ നില്‍പ്പ് സമരം നടത്തുന്ന വാര്‍ത്ത കണ്ടു. അവരുടെ വാസസ്ഥലം സംരക്ഷിക്കാനാണ് സമരം. നിലനില്‍പ്പിനായുള്ള പോരാട്ടം. ഒരു കണക്കില്‍ പറഞ്ഞാല്‍ നേതാക്കള്‍ നടത്തുന്നതും അതു തന്നെ.
ബസ്സില്‍ സീറ്റ് കിട്ടിയാലും സൂക്ഷിച്ചേ ഇരിക്കാവൂ. സ്ത്രീകള്‍ക്ക് സംവരണം ഉണ്ട്. അവിടെ പോയിരുന്ന് പിന്നെ എഴുന്നേല്‍ക്കുന്നതിലും ഭേദം ഇരിക്കാതിരിക്കുന്നതാണ്. അപ്പോള്‍ കാണാം, സഹയാത്രക്കാരുടെ പരിഹാസ മുഖം. വികലാംഗര്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും സംവരണമുണ്ട്. അന്ധനും കണ്ടക്ടര്‍ക്കും ഉണ്ട് സംവരണം. ഇപ്പോഴിതാ മുതിര്‍ന്ന സ്ത്രീകള്‍ക്കും ബസ്സില്‍ സീറ്റ്. കൈക്കുഞ്ഞുമായി വരുന്ന സ്ത്രീകള്‍ക്ക് സീറ്റ് സംവരണം വരാന്‍ പോകുന്നുണ്ടത്രേ. സംവരണ ബസ്.
ഇനി ജനറല്‍ സീറ്റ് എത്ര ബാക്കിയുണ്ട്? കുട്ടി ബസ്സാണെങ്കില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രം. ഫലമോ, ഭൂരിപക്ഷം പേരും നില്‍പ്പ് തന്നെ. കോഴിക്കോട്ടെ തൊഴിലാളികള്‍ ഇരിപ്പ് സമരം നടത്തിയത് ഓര്‍ക്കുന്നു. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളിക്ക് ഇരിക്കാനാകുന്നില്ലെന്നാണ് പരാതി. ബസ്സിലും നടക്കുമോ ഇത്തരമൊരു സമരം?
വിവിധ കോഴ്‌സുകള്‍ക്കും ജോലിക്കും ഇപ്പോള്‍ തന്നെയുണ്ട് സംവരണം. ബസ്സിലും ആകാവുന്നതേയുള്ളൂ. എസ് സി എസ് ടി, ഒ ബി സി, ഒ ഇ സി എന്നിങ്ങനെ സീറ്റുകള്‍!
ഒരാള്‍ എത്രയോ കാലമായി പുറത്തു നില്‍ക്കുകയാണ്. മന്ത്രിയായിരുന്നു. രാജി വെച്ചതാണ്. പിന്നെ മന്ത്രിയാക്കുമെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി. എത്ര കാലമെന്ന് വിചാരിച്ചിട്ടാ പുറത്തിങ്ങനെ നില്‍ക്കുക? പിള്ള പറയുന്നുണ്ട്. ആരുണ്ട് കേള്‍ക്കാന്‍?
ഇതൊക്കെ കേള്‍ക്കേണ്ടതും ചെയ്യേണ്ടതും മുഖ്യനാണ്. ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ തിരക്കോട് തിരക്ക്. സോളാര്‍, ടൈറ്റാനിയം, മദ്യം, ഇപ്പോഴിതാ, ഖജനാവ് കാലി. അത് നിറക്കാനുള്ള തത്രപ്പാടിലാ…
അപ്പോഴാണ് പിള്ളയുടെ വിളി. പിള്ളച്ചേട്ടാ, മുഖ്യന് തന്നെ ഇരിക്കപ്പൊറുതിയില്ല, പിന്നെയല്ലേ, പിള്ളയുടെ ഗണേശന്‍!
എല്ലാം കൂട്ടാനുള്ള പുറപ്പാടിലാണ് മുഖ്യനും മാണിയും. വെള്ളക്കരം മുതല്‍ ഭൂമി വില വരെ കൂട്ടുകയാണ്. അപ്പോള്‍ ഒരു ഗണേശനെയും കൂട്ടുന്നതില്‍ എന്താ ഇത്ര തെറ്റ്. ഇനിയിപ്പോള്‍ രണ്ട് കൊല്ലം കഷ്ടിച്ചാണ് ഭരണ കാലം. ഇങ്ങനെ പുറത്ത് നിര്‍ത്തേണ്ടതുണ്ടോ?
ഏയ്, ആ തൂണ് ചാരി നില്‍ക്കുന്ന മഞ്ഞക്കുപ്പായക്കാരന്‍ ഒന്ന് മുന്നോട്ട് നിന്നേ… ഇനിയും ആള് കയറാനുണ്ട്. കിളി അലറി.
സ്വസ്ഥമായി നില്‍ക്കാനും സമ്മതിക്കില്ല, പഹയന്‍മാര്… ഗൗരവാനന്ദന്‍ മുരണ്ടു.