Connect with us

Kasargod

പോലീസുദ്യോഗസ്ഥരുടെ പീഡനമെന്ന്; ബസ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

Published

|

Last Updated

മുള്ളേരിയ: മുള്ളേരിയയില്‍ കഴിഞ്ഞ ദിവസം ബസ് ഡ്രൈവറെ പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി പരാതി.
കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് ഒരു സ്വകാര്യ ബസ് ഡ്രൈവറെ ജോലിയെടുക്കാന്‍ വിടില്ലെന്നും നിരന്തരം പെറ്റിക്കേസ് ചുമത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥനെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കി. ഡ്രൈവറുടെ പിടിച്ചെടുത്ത ലൈസന്‍സ് തിരികെ നല്‍കാത്ത പക്ഷം നാളെ മുതല്‍ ജോലി ബഹിഷ്‌ക്കരിക്കാന്‍ യോഗം തീരുമാനിച്ചു. സംഭവത്തില്‍ സുരക്ഷാ ബസ് തൊഴിലാളി റിക്രിയേഷന്‍ ക്ലബ്ബ് പ്രതിഷേധിച്ചു.
ഏറെ തിരക്കനുഭവപ്പെടുന്ന മുള്ളേരിയ ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. മാത്രമല്ല, ബസുകള്‍ക്ക് യാത്രക്കാരെ ഇറക്കുന്നതിനും പിന്നീട് പാര്‍ക്ക് ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങളുമിവിടെയില്ല. അതിനാല്‍ ബസുകള്‍ ടൗണിലെ റോഡരികില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. മുള്ളേരിയയില്‍നിന്ന് ബോവിക്കാനം വഴിയും പൈക്ക വഴിയും കാസര്‍കോട് ഭാഗത്തേക്കുള്ള ബസുകള്‍ക്കായി മഴയും വെയിലുംകൊണ്ട് വേണം ബസ് കാത്തുനില്‍ക്കാന്‍. ബദിയഡുക്ക ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും ബെള്ളൂര്‍, കിന്നിങ്കാര്‍ ഭാഗത്തേക്കുള്ളവര്‍ക്കും കട വരാന്തകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, അഡൂര്‍, സുള്ള്യ ഭാഗത്തേക്കുള്ള യാത്രക്കാര്‍ മരച്ചുവട്ടിലാണ് ബസ് കാത്ത് നില്‍ക്കുന്നത്. ഇത്തരം പ്രത്യക്ഷ സംഭവങ്ങള്‍ ഉണ്ടായിട്ടും മുള്ളേരിയയില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ബസുകള്‍ യാത്രക്കാരെ റോഡില്‍ ഇറക്കുന്നുവെന്ന് പറഞ്ഞ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിരന്തരം ബസ് ജീവനക്കാരെ പീഡിപ്പിക്കുന്നതായി യോഗം ആരോപിച്ചു. യാത്രക്കാരെ ഇറക്കാന്‍ ബസ് വേ ഇല്ലാത്തതും സ്വകാര്യ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തിയിടുന്നതും മൂലം ബസുകള്‍ നിര്‍ത്താന്‍ പലപ്പോഴും ഇടമുണ്ടാവാറില്ല. ഇതൊന്നും കാണാതെ ബസ് ഡ്രൈവര്‍മാരില്‍നിന്ന് പിഴ ഈടാക്കുന്ന നടപടിയില്‍ സുരക്ഷാ ക്ലബ്ബ് യോഗം പ്രതിഷേധിച്ചു.