Connect with us

Gulf

'കോഴിക്കോട് വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രം പ്രശ്‌നം സൃഷ്ടിക്കുന്നു'

Published

|

Last Updated

karippurഅബുദാബി: കോഴിക്കോട് വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പ്രശ്‌നം സൃഷ്ടിക്കുന്നതായി എയര്‍ ഇന്ത്യ യു എ ഇ കണ്‍ട്രി മാനേജര്‍ രാം ബാബു അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലുള്ള സൗകര്യം. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കില്ല, പ്രത്യേകിച്ച് കോഴിക്കോട് വിമാനത്താവളത്തിന്. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് മലമുകളിലായതിനാല്‍ മഞ്ഞിലും മഴയിലും വിമാനങ്ങളിറക്കുവാന്‍ ബുദ്ധിമുട്ടാണ്. ഇതിനാലാണ് കാലാവസ്ഥ മോശമാവുന്ന ഘട്ടത്തില്‍ ദൂരക്കാഴ്ച കുറവാകുന്നതിനാല്‍ വിമാനങ്ങള്‍ തിരിച്ചുവിടേണ്ടിവരുന്നത്.

എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നത് ന്യൂഡല്‍ഹിയിലാണെന്നതിനാല്‍് ആഴ്ചയില്‍ ഒരു പ്രാവശ്യം വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകേണ്ടിവരുന്നു. അത്തരം ഘട്ടങ്ങളില്‍ പകരം സര്‍വീസ് നടത്തുന്നതിന് ആവശ്യമായ വിമാനങ്ങളില്ലാത്തതും സര്‍വീസ് റദ്ദ് ചെയ്യുന്നതിന് കാരണമാവാറുണ്ട്. ഗള്‍ഫിലെ വിമാന കമ്പനികളുടെ ഹബ്ബുകള്‍ മേഖലയിലെ വിവിധ രാഷ്ട്രങ്ങളിലുണ്ടെന്നത് അവര്‍ക്ക് ഗുണകരമാവുന്നുണ്ട്.
എയര്‍ ഇന്ത്യ-എക്‌സ് പ്രസ് സര്‍വീസിനായി ഉപയോഗിക്കുന്ന വിമാനങ്ങള്‍ പഴകിയതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. എയര്‍ ഇന്ത്യ സര്‍വീസിനായി ഉപയോഗിക്കുന്നത് എയര്‍ ബസ് 787, 321, 319 എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിമാനങ്ങളാണ്. എക്‌സ് പ്രസ് ബോയിംഗ് 737, 800 വിഭാഗങ്ങളിലുമുള്ള വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വിമാനങ്ങളെല്ലാം പുതിയവയാണെന്നും രാം ബാബു വിശദീകരിച്ചു.
എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉടന്‍ നടപടി സ്വീകരിക്കും. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ വൈകുകയോ റദ്ദ് ചെയ്യുകയോ ചെയ്യുമ്പോള്‍ നാല് മണിക്കൂര്‍ മുമ്പ് തന്നെ യാത്രക്കാര്‍ക്ക് വിവരം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ പരാതിയുള്ളവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് പരാതി നല്‍കേണ്ടതാണ്. ജീവനക്കാരുടെ മോശമായ പെരുമാറ്റമാണ് എയര്‍ ഇന്ത്യക്കെതിരെയുള്ള പ്രധാന പരാതിയെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി