ഓട്ടോ ചാര്‍ജ്ജ് മിനിമം 20 ആക്കും; ടാക്‌സി നിരക്ക് വര്‍ധിപ്പിക്കില്ല

Posted on: September 19, 2014 11:54 pm | Last updated: September 19, 2014 at 11:55 pm
SHARE

autoതിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജ് മാത്രം കമ്മിറ്റി ശിപാര്‍ശ പ്രകാരം വര്‍ധിപ്പിച്ചാല്‍ മതിയെന്ന് ഗതാഗത വകുപ്പ്. ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ് ഇരുനൂറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ അംഗീകരിക്കേണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ടാക്‌സികളുടെ മിനിമം ചാര്‍ജ് 150 രൂപ മതിയെന്ന ശിപാര്‍ശ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധന പരിഗണനക്ക് വന്നെങ്കിലും നികുതി വര്‍ധന സംബന്ധിച്ച തീരുമാനമെടുക്കേണ്ടതിനാല്‍ വിഷയം മാറ്റിവെക്കുകയായിരുന്നു.

ടാക്‌സികളുടെ മിനിമം നിരക്കിന് സഞ്ചരിക്കുന്ന ദൂരം അഞ്ച് കിലോമീറ്ററായി നിലനിര്‍ത്തി മിനിമം നിരക്കിന് പുറത്തുള്ള ഓരോ കിലോമീറ്ററിനും പതിനഞ്ച് രൂപ ഈടാക്കണമെന്നുമായിരുന്നു കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേരില്‍ കൂടുതലുള്ള വാഹനമാണെങ്കില്‍ പത്ത് ശതമാനം അധിക തുക ഈടാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍, ടാക്‌സികളുടെ മിനിമം ചാര്‍ജ് നിലവിലുളള നിരക്കിന്റെ ഇരട്ടിയാക്കാനുള്ള ശിപാര്‍ശയാണ് ഗതാഗ തവകുപ്പ് തള്ളിയത്. ഓട്ടോ നിരക്ക് സംബന്ധിച്ച് കമ്മിറ്റി നല്‍കിയ ശിപാര്‍ശ അതേപടി അംഗീകരിക്കുന്നുവെന്നും ധനവകുപ്പ് മന്ത്രിസഭയില്‍ വെക്കുന്ന കുറിപ്പില്‍ വ്യക്തമാക്കി.
2012 നവംബര്‍ മുപ്പതിന് നിലവില്‍ വന്ന നിരക്ക് പ്രകാരം സംസ്ഥാനത്തെ ടാക്‌സികളുടെ മിനിമം നിരക്ക് നൂറ് രൂപയായിരുന്നു. ഇതിന് മുകളില്‍ ഒരോ കിലോമീറ്ററിനും ഒമ്പത് രൂപയായിരുന്നു നിരക്ക്. എന്നാല്‍, ഇന്ധന വിലയിലും ജീവിതച്ചെലവിലും ഉണ്ടായ വര്‍ധനവ് കണക്കിലെടുത്ത് നിരക്ക് കൂട്ടണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ. അവിദഗ്ധ തൊഴിലാളികള്‍ക്ക് ദിവസ വേതനമായി എഴുനൂറ് മുതല്‍ 750 വരെ ലഭിക്കുമ്പോള്‍ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് അത്രപോലുമില്ലെന്നാണ് നിരക്ക് വര്‍ധനവിന് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം. െ്രെഡവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കയറാവുന്ന ടാക്‌സി കാറുകളുടെ മിനിമം നിരക്ക് ഇരുനൂറ് രൂപയായി കൂട്ടണമെന്നാണ് സര്‍ക്കാറിന് കമ്മിറ്റി നല്‍കിയ ശിപാര്‍ശ.