താമസ-കുടിയേറ്റ-വകുപ്പ് വിമാനത്താവളത്തില്‍ കൗണ്ടര്‍ തുറന്നു

Posted on: September 18, 2014 4:36 pm | Last updated: September 18, 2014 at 4:36 pm
SHARE

ദുബൈ: താമസ കുടിയേറ്റവകുപ്പ് വിമാനത്താവളത്തില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസ് തുറന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് ആഗമന മേഖല ഗേറ്റ് നമ്പര്‍ ഒന്നിലാണ് ഇന്നലെ മുതല്‍ ഓഫീസ് തുറന്നത്. ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറിയും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉപ മേധാവി മുഹമ്മദ് അബ്ദുല്ല അഹ്‌ലിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 2020 ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി സഞ്ചാരികളുടെ ഒഴുക്ക് മുന്നില്‍ കണ്ടാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മര്‍റി വ്യക്തമാക്കി.
2014 ആദ്യത്തെ ആറു മാസത്തിനുള്ളില്‍ 2.18 കോടി സഞ്ചാരികളാണ്് ദുബൈയില്‍ എത്തിയത്. കഴിഞ്ഞ ഈദ് അവധി ദിനത്തില്‍ മാത്രം ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തിയിരിന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ ദീര്‍ഘവിക്ഷണത്തില്‍ ദുബൈ കൈവരിച്ച പുരോഗതിക്കൊപ്പം താമസ-കുടിയേറ്റ വകുപ്പും തങ്ങളുടെ സേവനങ്ങള്‍ കുടുതല്‍ മികവുറ്റതാക്കി കൊണ്ടിരിക്കുകയാണ്. ഇ-ഗേറ്റും, സ്മാര്‍ട് ഗേറ്റും കുടുതലായി സ്ഥാപിച്ച് യാത്രക്കാരുടെ പോക്കുവരവുകള്‍ കുടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ശാരീരിക വൈകല്യമുള്ളവരുടെ വിസാ നടപടികള്‍ കുടുതല്‍ വേഗത്തില്‍ പുര്‍ത്തീകരിക്കുന്നതിനുള്ള ഓഫീസ് ജി ഡി ആര്‍ എഫ് എ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, സ്ത്രീകള്‍ക്ക് സ്ത്രീ ജിവനക്കാര്‍ മാത്രമുള്ള ഓഫീസും ഇവിടെ നിലവിലുള്ളതായും അദ്ദേഹം ഓര്‍മിപ്പിച്ചു.