Connect with us

Kerala

കാശ്മീര്‍ പ്രളയം: എസ് വൈ എസ് നിധി സമാഹരണം നാളെ

Published

|

Last Updated

കോഴിക്കോട്: കനത്ത പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കാശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധി സ്വരൂപീകരിക്കാന്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇന്ത്യയിലെ തന്നെ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതിയാണിത്. വീടും, നാടും സര്‍വ്വതും നഷ്ടപ്പെട്ട് വിലപിക്കുന്ന കാശ്മീരികള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ദാഹമകറ്റാന്‍ ശുദ്ധജലം പോലും കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. വെള്ളമിറങ്ങിത്തുടങ്ങിയപ്പോള്‍ ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകളാണ് എല്ലാവരെയും ഭീതിപ്പെടുത്തുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ക്കൊപ്പം കൈ കോര്‍ക്കാനുള്ള എസ് വൈ എസിന്റെ തീരുമാനത്തിനു മുഴുവന്‍ ജനങ്ങളുടെയും സഹകരണം സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. നാളെ ജുമുഅക്കു ശേഷം എസ് വൈ എസ് പ്രവര്‍ത്തകര്‍ വിവിധ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കും.
ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുക്കുന്ന പണം യൂനിറ്റ് കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കുകയോ താഴെ കൊടുത്ത എസ് വൈ എസ് സാന്ത്വനം അക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സെക്രേട്ടറിയറ്റ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, മുഹമ്മദ് പറവൂര്‍, എന്‍ അലി അബ്ദുല്ല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് മാസ്റ്റര്‍ സ്വാഗതവും പി എം മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.