Connect with us

Kozhikode

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്റും കാക്കി ഷര്‍ട്ടും നിര്‍ബന്ധമാക്കി

Published

|

Last Updated

autoകോഴിക്കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അടുത്തമാസം ഒന്ന് മുതല്‍ പാന്റും കാക്കി ഷര്‍ട്ടും നിര്‍ബന്ധമാക്കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് സീബ്രാലൈന്‍ ഉള്‍പ്പെടെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കെതിരെ ഇന്നു മുതല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അലക്ഷ്യമായി മുണ്ട് ധരിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ച് സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് പാന്റ് നിര്‍ബന്ധമാക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുടെ സല്‍പ്പേര് നശിപ്പിക്കുന്ന രീതിയിലാണ് ചില ഡ്രൈവര്‍മാര്‍ മുണ്ട് ധരിക്കുന്നത്. ഇത് ഇനി അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഉള്‍പ്പെടെ ഈടാക്കും. നഗരത്തിലെ മുഴുവന്‍ ഓട്ടോഡ്രൈവര്‍മാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കും. കാര്‍ഡ് വിതരണത്തിനുള്ള അപേക്ഷ ഈ മാസം 30 വരെ സ്വീകരിക്കും. ഒക്‌ടോബര്‍ മുതല്‍ കാര്‍ഡ് ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും. തന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത കോഴിക്കോട് സിറ്റി ഓട്ടോ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങളെടുത്തതെന്നും കമ്മീഷണര്‍ പറഞ്ഞു.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് സീബ്രാലൈന്‍ ക്രോസ് ചെയ്യുന്നവരെ ട്രാഫിക് പോലീസും ഷാഡോ പോലീസും നിരീക്ഷിക്കും. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പെറ്റി കേസെടുത്ത് പിഴ ഈടാക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.