ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചയില്ല: ജസ്റ്റിസ് ലോധ

Posted on: September 13, 2014 1:19 pm | Last updated: September 14, 2014 at 10:30 am

justise rm lodhaന്യൂഡല്‍ഹി: നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. നീതിന്യായ സംവിധാനത്തില്‍ ഇടപെടാനുള്ള ഏതൊരു ശ്രമവും അതിനെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കും. എന്നാല്‍, നീതിന്യായ വിഭാഗത്തിന് അതിന്റെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനുള്ള സഹജമായ കരുത്തുണ്ട്. ആര്‍ക്കും അത് തകര്‍ക്കാനാകില്ലെന്നും ലോധ പറഞ്ഞു. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം അഴിച്ചുപണിയുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍, ഇതേക്കുറിച്ച് നേരിട്ട് പരാമര്‍ശം നടത്താന്‍ അദ്ദേഹം തയ്യാറായില്ല.
നീതിന്യായ സംവിധാനങ്ങളുടെ സ്വാതന്ത്ര്യം അവയുടെ മേല്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് ആവശ്യമാണെന്നും സുപ്രീം കോടതി ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും പങ്കെടുത്ത സെമിനാറില്‍ സംസാരിക്കവെ ജസ്റ്റിസ് ആര്‍ എം ലോധ അഭിപ്രായപ്പെട്ടു. നീതിന്യായ സംവിധാനത്തിലുണ്ടാകുന്ന ഏതൊരു അഴിമതിയും ജനാധിപത്യ സംവിധാനത്തെ കളങ്കപ്പെടുത്തും. സാധാരണക്കാരന് നീതി ലഭ്യമാകുന്നതിനുള്ള അവസാന ആശ്രയമാണ് കോടതികള്‍. സാമ്പത്തിക വളര്‍ച്ചക്കൊപ്പം അഴിമതിയും വളര്‍ന്നിട്ടുണ്ട്. അതിന്റെ ഒരു ഭാഗം ജുഡീഷ്യറിയിലും ഉണ്ടാകാം. പക്ഷേ അഴിമതി ഏകപക്ഷീയമായി ഉണ്ടാകില്ല. നീതിന്യായ വിഭാഗത്തെ അഴിമതിയിലേക്ക് വലിച്ചിഴക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കേണ്ടതുണ്ട്.
യു കെയില്‍ അഞ്ച് വര്‍ഷം മുമ്പ് കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, നിയമനത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, സുതാര്യത വരുത്തിയതായി ലോധ പറഞ്ഞു. കൊളീജിയം സംവിധാനത്തിനു പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ ജെ എ സി) രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.