Connect with us

Gulf

ഷാര്‍ജ നഗരം ഇനി പൂര്‍ണമായും ക്യാമറ കണ്ണില്‍

Published

|

Last Updated

ഷാര്‍ജ: നഗരത്തില്‍ കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളുമെല്ലാം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് സുരക്ഷാ ക്യാമറ വ്യാപിക്കുന്നു. നിയമലംഘകരുടെ നടപടികള്‍ പൂര്‍ണമായും വലയിലാക്കുന്ന രീതിയിലാണ് എമിറേറ്റില്‍ വന്‍ സുരക്ഷാ സജ്ജീകരണം ഒരുങ്ങുന്നത്. ഷാര്‍ജയെ സുരക്ഷിത നഗരമാക്കുന്നതിന്റെ ഭാഗമായാണു നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ ചുവടുവയ്പ്. ഷാര്‍ജ സുരക്ഷിത നഗരം എന്ന പേരിലുള്ള പദ്ധതിയാണു ഷാര്‍ജയെ സുരക്ഷയുടെ തണലിലേക്കു നയിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഷാര്‍ജ പൊലീസും പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഡെല്‍ ഗ്രൂപ്പും ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹുദൈദിയും ഡെല്‍ വേള്‍ഡ് ജനറല്‍ മാനേജര്‍ മാരിയസ് ഹാസുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനും ഇത് സഹായകമാവും. സുരക്ഷാ-ഗതാഗത മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഉപയോഗിക്കാന്‍ ഇതു പോലീസിനു ഇതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 500 സുരക്ഷാ ക്യാമറകള്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷയ്ക്കും ഏറ്റവും ആധുനിക ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നത് അവസാന ഘട്ടത്തിലാണ്. പൊതുജനങ്ങള്‍, വ്യവസായ മേഖല, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി പദ്ധതി സംബന്ധിച്ച് ഷാര്‍ജ പോലീസ് ആശയവിനിമയം നടത്തിയിരുന്നു.
പോലീസ് കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവയില്‍ തത്സമയ വിഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഡെല്‍ ഒരുക്കും. ഷാര്‍ജയിലെ പ്രധാന റോഡുകളിലും റൗണ്ട് എബൗട്ടുകളിലും ജംഗ്ഷനുകളിലും ഇതിനോടകം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കണമെന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു ഷാര്‍ജ സുരക്ഷിത നഗരം പദ്ധതിക്കു പോലീസ് രൂപം നല്‍കിയത്.
കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പൂര്‍ണ പിന്തുണ ഇതിനുണ്ട്. രണ്ടുവര്‍ഷത്തോളം നീണ്ട പഠനത്തിനു ശേഷമാണു സഹകരണ ധാരണയ്ക്കു രൂപം നല്‍കിയതെന്നു മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് പറഞ്ഞു. സുരക്ഷാരംഗത്തെ സുപ്രധാന കാല്‍വയ്പായാണു ഡെല്‍ ഗ്രൂപ്പുമായുള്ള സഹകരണത്തെ വിലയിരുത്തുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും വിവിധ വകുപ്പ് തലവന്മാരും പരിപാടിയില്‍ പങ്കെടുത്തു. സൂക്ഷ്മനിരീക്ഷണം, കുറ്റാന്വേഷണം, ഗതാഗത നിരീക്ഷണം, അപകട സ്ഥലങ്ങളിലേക്കു വേഗത്തില്‍ പോകാനുള്ള സഹായം തുടങ്ങിയവക്കു സാങ്കേതിക സഹായമാണു ഡെല്‍ പൊലീസിനു കൈമാറുക.